ഷാഹിദയുടെ മകളുടെ മൃതദേഹവും കണ്ടെത്തി; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: കുന്ദമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ കാണാതായ ഒന്നര വയസുകാരിയായ മകള്‍ ഖദീജത്തുല്‍ മിസ്രിയയുടെ മൃതദേഹം കണ്ടെത്തി. അരയിടത്തു പാലത്തിനു സമീപം കനോലി കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ ഷാഹിദയുടെ ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെ പൊലിസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ചയാണ് ഷാഹിദയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചേവായൂര്‍ സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തില്‍ ആറ് സ്ക്വാഡുകളായി തിരിഞ്ഞ് പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ പാലക്കാട്ടുനിന്നാണ് അബ്ദുല്‍ ബഷീര്‍ പിടിയിലായത്. അംഗപരിമിതനായ ഇയാള്‍ വെളിപ്പെടുത്തിയതനുസരിച്ച് പൊലിസ് നടത്തിയ തിരച്ചിലിലാണ് കനോലി കനാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സഞ്ചിയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം വികൃതമായിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ബഷീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെയും കുട്ടിയെയും കഴുത്തുഞെരിച്ച് കൊന്നതാണെന്നും കുട്ടിയുടെ മൃതദേഹം കനോലി കനാലില്‍ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കവെ ആളുകള്‍ സംഘടിച്ച് പ്രതിക്കെതിരേ രംഗത്തുവന്നതോടെ പൊലിസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജില്ലാ പൊലിസ് മേധാവി ജെ.ജയനാഥ്, നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥിരാജ്, കുന്ദമംഗലം എസ്.ഐ എസ്.ശ്രീജേഷ്, മെഡിക്കല്‍ കോളജ് എസ്.ഐ സി.ആര്.അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ചേവായൂര്‍ സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."