ഒമാനില്‍ വിദേശ നിക്ഷേപ നിയമ പരിധിയില്‍നിന്ന് 49 വിഭാഗങ്ങള്‍ ഒഴിവാക്കി
മസ്‌കത്ത്: ഒമാനില്‍ ഈ വര്‍ഷം ആദ്യം നിലവില്‍വന്ന പുതിയ വിദേശ നിക്ഷേപ നിയമത്തിന്റെ പരിധിയില്‍നിന്ന് 49 വിഭാഗങ്ങളെ ഒഴിവാക്കി. ഈ മേഖലകളില്‍ ഒമാനി നിക്ഷേപകരെ മാത്രമാണ് അനുവദിക്കുക. ഒമാനികളായ ചെറുകിട ഇടത്തരം നിക്ഷേപകരെ ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായാണ് സ്വദേശികള്‍ക്ക് ഈ മേഖലകളില്‍ മുന്‍ഗണന നല്‍കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
സമ്പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ച എല്ലാ മേഖലകളിലും ഒമാനികള്‍ക്ക് വിദേശികളുമായുള്ള പങ്കാളിത്തത്തിലൂടെയടക്കം നിക്ഷേപം നടത്താവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ വ്യക്തിത്വവും സാംസ്‌കാരിക പാരമ്പര്യവും കേടുവരാതെ കാത്തുസൂക്ഷിക്കുകയെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ഒമാനിലെ വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണ് വിവിധ മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ വിദേശ നിക്ഷേപ നയം നിക്ഷേപകര്‍ക്ക് നിരവധി സൗകര്യ മുന്‍ഗണനകളും ഉറപ്പും നല്‍കുന്നതാണ്. ഒമാനികള്‍ക്ക് മാത്രം നിക്ഷേപം അനുവദിക്കുന്ന 49 വിഭാഗങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനി മധുരപലഹാര നിര്‍മാണം, ഒമാനി കഠാര നിര്‍മാണം, ഒമാനി കഠാര വില്‍പന സ്ഥാപനം, പരമ്പരാഗത ആയുധ വില്‍പന ശാല, കരകൗശല വില്‍പന സ്‌റ്റോറുകള്‍, അറബി അനറബി പുരുഷ സ്ത്രീ വസ്ത്രം തയ്ക്കല്‍, സ്‌പോര്‍ട്‌സ് മിലിട്ടറി വസ്ത്രങ്ങളുടെ ടെയ്‌ലറിങ്ങും തുന്നലും, കുടിവെള്ള ട്രാന്‍സ്‌പോര്‍ട്ടിങ്ങും വില്‍പനയും തുടങ്ങിയ മേഖലകളില്‍ വിദേശികളുടെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയില്ല.
പഴം പച്ചക്കറി മൊത്ത വ്യാപാരം, പാചക വാതക മൊത്ത വ്യാപാരം എല്‍.പി.ജി ഫില്ലിങ് സ്‌റ്റേഷന്‍, തേനുകളുടെ പ്രത്യേക ചില്ലറ വില്‍പന സ്ഥാപനങ്ങള്‍, വാഹന ഇന്ധന സ്‌റ്റേഷന്‍, ഡീസല്‍ ഇന്ധന സ്‌റ്റേഷന്‍, മൊബൈല്‍ ഫോണിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ചില്ലറ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിദേശികളുടെ പൂര്‍ണ ഉടമസ്ഥതയില്‍ തുടങ്ങാന്‍ കഴിയില്ല. ചിത്രങ്ങള്‍, സുവനീറുകള്‍, പുരാതന ഉല്‍പന്നങ്ങള്‍, പ്രകൃതിദത്ത പൂക്കളും സസ്യങ്ങളും, പാത്രങ്ങളും കരകൗശല വസ്തുക്കളും, പാചക വാതകം, വെള്ളി ആഭരണങ്ങളും ഗിഫ്റ്റുകളും, ലൈസന്‍സ്ഡ് ഫോണ്‍ കാര്‍ഡുകള്‍, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍, ബാഗുകള്‍, വിവാഹ ഉല്‍പന്നങ്ങള്‍, പടക്കങ്ങള്‍, ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍, കല്യാണക്കത്ത് തുടങ്ങിയവ വില്‍പന നടത്തുന്ന പ്രത്യേക സ്ഥാപനങ്ങള്‍ എന്നിവ ഒമാനികളുടെ ഉടമസ്ഥതയില്‍ മാത്രമേ പാടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."