റെയ്ഡിനിടെ കാണാതായ മാലയുടെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്
കൊച്ചി: വിജിലന്‍സ് റെയ്ഡിനിടെ കാണാതായ 'കരിമണി മാല'യുടെ വിലയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ്. നാലു പവന്‍ കരിമണി മാലയുടെ വിലയായി ഒരു ലക്ഷം രൂപ, പരാതിക്കാരി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുള്ള നഷ്ടപരിഹാരമായി 25,000 രൂപ, നടപടി ചെലവായി 25,000 രൂപ എന്നിവ മൂന്നു മാസത്തിനകം നല്‍കാനാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ നല്‍കുന്ന തുക പിന്നീട് റെയ്ഡില്‍ പങ്കെടുത്ത 18 ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ഈടാക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈ.എസ്.പിയായിരുന്ന സി.ടി ടോമിനെതിരേ പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് മുന്‍ അസി. എന്‍ജിനിയറായിരുന്ന കെ. മോഹനന്റെ ഭാര്യ സൈറാബായ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. മോഹനന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. തുടര്‍ന്ന് 2014 ജനുവരി 16ന് ഇയാളുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
റെയ്ഡില്‍ 178.5 ഗ്രാം സ്വര്‍ണം, 36,490 രൂപ എന്നിവ പിടിച്ചെടുത്തതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, വീടിന്റെ മുകളിലെ നിലയില്‍ നിന്ന് നാലുപവന്‍ വരുന്ന കരിമണിമാല, റോള്‍ഡ് ഗോള്‍ഡ് മാല എന്നിവ പിടിച്ചെടുത്തെങ്കിലും രേഖയില്‍ കാണിച്ചില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി പരാതിക്കാരി തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് പൊലിസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചത്. പരാതിക്കാരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് വിജിലന്‍സ് വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ നിര്‍ദേശപ്രകാരം കാമറ തിരുവനന്തപുരം സി ഡാക്ക് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. വിഡിയോ ചിത്രീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ അന്നുതന്നെ കാമറ ഓഫിസില്‍ ഏല്‍പ്പിച്ചുവെന്ന് മൊഴി നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അതോറിറ്റി വിലയിരുത്തി. പിടിച്ചെടുത്ത സ്വര്‍ണ ഉരുപ്പടികളുടെ മാറ്റുനോക്കാന്‍ കൊണ്ടുവന്ന അപ്രൈസറും പരാതിക്കാരിക്ക് അനുകൂല മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."