കേന്ദ്ര ഏജന്‍സിക്കെതിരേ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് പ്രതികളെ രക്ഷിക്കാന്‍: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിക്കെതിരേ കത്തെഴുതുന്ന മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസ്താവന തമാശയാണെന്ന് ചെന്നിത്തല കൂട്ടിചേര്‍ത്തു.അന്വേഷണം മുറുകിയതോടെ ഏജന്‍സികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനിലേക്ക് അന്വേഷണ ഏജന്‍സി എത്തിയപ്പേഴാണ് മുഖ്യമന്ത്രിക്ക് വേവലാതി തുടങ്ങിയത്. വമ്പന്മാര് കുടുങ്ങുമെന്നായപ്പോള്‍ നിലവിളിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെയോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയോ ഒരു വാക്ക് പോലും പറയാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കേണ്ടത് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.ഇവിടെ അതല്ല ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗപ്പെടുത്തുകയാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും അന്വേഷണപ്രഹസനം നടത്തുകയും ചെയ്യുന്ന കേന്ദ്രഅന്വേഷണ ഏജന്‍സിയെക്കുറിച്ച് പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."