'ഒരു കെ.എസ്.യുക്കാരനും എ.ബി.വി.പിക്കാരനും ഞങ്ങളെ ഇങ്ങനെ മര്‍ദ്ദിച്ചിട്ടില്ല'- എസ്.എഫ്.ഐക്കാരുടെ ഗുണ്ടായിസത്തിനെതിരെ തുറന്നടിച്ച് എ.ഐ.എസ്.എഫ് നേതാവ്
തിരുവനന്തപുരം: എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ തുറന്നടിച്ച് എ.ഐ.എസ്.എഫ് നേതാവ്. യൂനിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് ഇടതു വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ രംഗത്തെത്തിയത്. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നടിച്ചത്.
'ഒറ്റ കെ.എസ്.യുക്കാരനും ഞങ്ങളെ മര്‍ദ്ദിച്ചിട്ടില്ല. ഒരു എ.ബി.വി.പിക്കാരനും അതു ചെയ്തിട്ടില്ല. അവരുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നു കരുതി ഇല്ലാത്തത് പറയരുതല്ലോ.' ശുഭേഷ് പറയുന്നു. പാമ്പാടി നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ ഇടിമുറി തകര്‍ത്ത് ജനാധിപത്യത്തിന്റെ കാറ്റ് കടത്തി വിടുമെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐക്കാര്‍ യൂനിവേഴ്‌സിറ്റി കോളജില്‍ സ്വന്തമായി ഇടിമുറി കൊണ്ടു നടക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇടതിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് എന്ന ഈഗോയാകാം എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐയ്ക്കുള്ള വിരോധത്തിനു കാരണമെന്നും ശുഭേഷ് പറയുന്നു.
'ഞങ്ങള്‍ ദുര്‍ബലരാണെന്നാണ് സ്ഥിരം കളിയാക്കുന്നത്, ദുര്‍ബലരെങ്കില്‍ വെറുതെ വിട്ടാല്‍ മതിയല്ലോ. ഇടതിന്റെ യഥാര്‍ത്ഥ രാഷ്ട്രീം ഉയര്‍ത്തിപ്പിടിക്കുന്നത് കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് എന്ന ഈഗോയാകാം; ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവര്‍ക്കാണെന്നു തെളിയിക്കാനാം. എന്തായാലും, ഇടത് ഐക്യത്തിനുവേണ്ടി ശരീരംകൊണ്ട് സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ല.' ശുഭേഷ് പറയുന്നു.
ഇന്ന് കോളജുകളും സര്‍വ്വകലാശാലകളും വാഴുന്നത് എസ്.എഫ്.ഐയല്ലേ, അതിനാല്‍ ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവര്‍ക്കാണെന്ന അവകാശവാദം ശരിയല്ലേയെന്ന ചോദ്യത്തിന്, 'എങ്കില്‍, സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തെരഞ്ഞെടുപ്പുകളെല്ലാം ജയിക്കുന്ന നരേന്ദ്രമോദിയാണു ശരിയെന്നുകൂടി, ഇടതുപക്ഷക്കാരെന്ന് അഭിനയിക്കുന്ന ആ ഫാഷിസ്റ്റുകള്‍ സമ്മതിക്കണം' എന്നാണ് ശുഭേഷ് മറുപടി നല്‍കുന്നു.
എ.ഐ.എസ്.എഫ് കോട്ടയം ജില്ലാ സെക്രട്ടറിയായിക്കെ തനിക്കെതിരെ ഉണ്ടായ ക്രൂരമര്‍ദ്ദനത്തെ കുറിച്ചും ശുഭേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ ബാബുവിനുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കേസിനു പോയാല്‍ ഇരകളേയും ബന്ധുക്കളേയും അവരുമായി ബന്ധപ്പെട്ടവരേയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയാണ് എസ്.എഫ്.ഐ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പൊലിസും അവര്‍ക്കൊപ്പം നില്‍ക്കും അദ്ദേഹം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."