റാഫേല്‍ യുദ്ധവിമാന കരാര്‍: മോദിയെ അനുകൂലിച്ച ശരത് പവാര്‍ നിലപാടുമാറ്റി
മുംബൈ: റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് എന്‍.സി.പിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ രാജിവച്ചതോടെ കടുത്ത പ്രതിസന്ധിയിലായ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍, ഇന്നലെ നിലപാട് മാറ്റി. മുംബൈയിലെ ബീഡില്‍ നടത്തിയ റാലിയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിന് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി തെറ്റുചെയ്തുവെന്ന് ആരും വിശ്വസിക്കില്ലെന്നായിരുന്നു ഒരു മറാത്ത ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശരത് പവാര്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖ നേതാവുതന്നെ പ്രധാനമന്ത്രി മോദിക്ക് ശുദ്ധിപത്രം നല്‍കിയത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എടുത്തുപറയുകയും ചെയ്തു.
എന്നാല്‍ പവാറിന്റെ അഭിപ്രായം റാഫേല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണത്തിന്റെ മുനയൊടിച്ചുവെന്ന് ആരോപിച്ച് മുതിര്‍ന്ന എന്‍.സി.പി നേതാവ് താരിഖ് അന്‍വര്‍, ജന.സെക്രട്ടറി മനാഫ് ഹക്കിം എന്നിവര്‍ രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര് രാജിവച്ചേക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ഇന്നലെ നിലപാട് മാറ്റി ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തിലേക്ക് പവാര്‍ എത്താന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."