ടോം ഉഴുന്നാലിന്റെ മോചനം: പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യമനില്‍ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ഈ വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും കെ.എം മാണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. മറ്റൊരു രാജ്യത്ത് നയതന്ത്രപരമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ട്.
എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുന്നുണ്ട്. 2016 മാര്‍ച്ച് നാലിനാണ് ടോമിനെ യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം യമനുമായി ബന്ധപ്പെട്ടിരുന്നു.
തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എവിടെയാണ് ബന്ധിയാക്കിയതെന്ന് കണ്ടെത്താനായിട്ടില്ല. ആഭ്യന്തര കലാപം രൂക്ഷമായ യമനില്‍ അന്വേഷണത്തിന് പ്രതികൂല സാഹചര്യമാണുള്ളത്.
ഇതെല്ലാം പരിഗണിച്ച് യമനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഇനിയും ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."