ധനബില്‍ സഭ പാസാക്കി: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി ഒഴിവാക്കി; മൊബൈല്‍ ചാര്‍ജര്‍ നികുതി കുറച്ചു
തിരുവനന്തപുരം: സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കാനുള്ള വ്യവസ്ഥയോടെ 2017-1 8 സാമ്പത്തിക വര്‍ഷത്തെ ധനബില്‍ നിയമസഭ പാസാക്കി. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന് 14.5 ശതമാനം നികുതി ഏര്‍പെടുത്താനുള്ള തീരുമാനത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ഇനി അഞ്ചു ശതമാനമായിയിരിക്കും മൊബൈല്‍ ചാര്‍ജറിന്റെ നികുതി.
ഉപഭോക്താക്കളില്‍ നിന്നും മറ്റും സ്വര്‍ണം വാങ്ങുമ്പോള്‍ വ്യാപാരികള്‍ അഞ്ചു ശതമാനം നികുതി സര്‍ക്കാരിനു നല്‍കണമെന്ന ബജറ്റിലെ നിര്‍ദേശമാണ് ഒഴിവാക്കിയത്. സ്വര്‍ണ വ്യാപാരികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചണിത്.
നേരത്തെ കെ.എം മാണി ധനമന്ത്രിയായിരിക്കെ തന്നെ സ്വര്‍ണത്തിന് അഞ്ചു ശതമാനം വാങ്ങല്‍ നികുതിഏര്‍പ്പെടുത്തിയിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ.എം മാണി തന്നെ നേരത്തെ നിയമസഭയില്‍ സമ്മതിച്ചിരുന്നു.
നികുതി പ്രാബല്യത്തിലായെങ്കിലും സ്വര്‍ണവ്യാപാരികളില്‍ നിന്ന് നികുതി പിരിച്ചിരുന്നില്ല. പിന്നീട് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും ഈ നികുതി നിര്‍ദേശം തുടരുകയായിരുന്നു. തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ നികുതി അടയ്ക്കാന്‍ നോട്ടിസ് ലഭിച്ചുതുടങ്ങിയതോടെ സ്വര്‍ണവ്യാപാരികള്‍ സമരരംഗത്തിറങ്ങിയിരുന്നു.
സഭ ഇന്നലെ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥയനുസരിച്ച് കേരള മൂല്യവര്‍ധിത നികുതി നിയമം, കാര്‍ഷികാദായ നികുതി നിയമം, ആഡംബര നികുതി നിയമം എന്നിവ പ്രകാരം 2010- 11 വരെയുള്ള കുടിശ്ശിക ആംനെസ്റ്റി മുഖേന തീര്‍ക്കാന്‍ സൗകര്യമുണ്ട്. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ജൂണ്‍ 30ല്‍ നിന്ന് സെപ്തംബര്‍ 30ലേക്ക് നീട്ടിയിട്ടുണ്ട്. കുടിശ്ശിക ഡിസംബര്‍ 31നു മുമ്പ് പ്രതിമാസ തുല്യഗഡുക്കളായി അടച്ചു തീര്‍ക്കണമെന്നാണ് വ്യവസ്ഥ. ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന കൊഴുപ്പിന് 2017 ഫെബ്രുവരി 22 വരെയുള്ള കാലയളവിലെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി. അതിനുശേഷം 14.5 ശതമാനമായിരിക്കും നികുതി.
സൗരോര്‍ജ പാനലുകള്‍ ഉള്‍പെട്ട പ്രവൃത്തികള്‍ക്കുള്ള കരാറുകളുടെ നികുതി 2013 മുതല്‍ ഒരു ശതമാനമായി കുറച്ചു. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന പാക്കിങ് വസ്തുക്കളെ 2016 മാര്‍ച്ച് 31 വരെയുള്ള കലയളവിലെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വില്‍പന നികുതി നിയമത്തിലെ വ്യവസ്ഥ പ്രകാരം 'എച്ച്' ഫോമോടെ വില്‍പന നടത്തിയ വസ്തുക്കള്‍ക്കു മാത്രമായിരിക്കും ഈ ഇളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."