ഒടുവില്‍ ശ്യാം പത്മനാഭനെ കണ്ടെത്തി, പുഴുവരിക്കുന്ന മൃതദേഹമായി, ദുരൂഹത ഒഴിയാതെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മരണം
തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിനുള്ളില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ വടകര സ്വദേശി എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാം പത്മനാഭനെ കാര്യവട്ടത്ത് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സര്‍വകലാശാല ജീവനക്കാര്‍ പട്രോളിങ് നടത്തുമ്പോള്‍ കാട്ടിനുളളില്‍നിന്ന് രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഉടന്‍ കഴക്കൂട്ടം പൊലിസിനെ വിവരം അറിയിച്ചു. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബാഗിലെ മൊബൈല്‍ ഫോണും പുസ്തകവും പരിശോധിച്ചാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എം.ടെക് വിദ്യാര്‍ഥി ശ്യാം പത്മനാഭനെ കാണാതായത്.
എങ്ങോട്ടുപോയെന്നോ എവിടെയുണ്ടെന്നോ തെളിയിക്കുന്നതിനാവശ്യമായ യാതൊരു സൂചനയും ലഭിക്കാത്തതായിരുന്നു പൊലിസിനെ കുഴക്കിയിരുന്നത്.
അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറയിലെ ഫ്ളാറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ശ്യാം ഫ്ളാറ്റില്‍ നിന്നും ഇറങ്ങിയത്.
രാത്രി ഏറെ വൈകിയും വീട്ടില്‍ എത്താതായതോടെയാണ് ബന്ധുക്കള്‍ കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കിയത്.
പൊലിസ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നു കാര്യവട്ടം ക്യാംപസിലാണ് അവസാനമായി ടവര്‍ ലൊക്കേഷന്‍ കാണിച്ചത്.
ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ക്യാംപസിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കള്‍ ഹൈമവതി കുളത്തിനരികില്‍ നില്‍ക്കുകയായിരുന്നു. ശ്യാം കുളത്തിലേക്ക് ഇറങ്ങിയതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നത്.
കുളത്തിനു ചുറ്റുമുള്ള കാട്ടില്‍ തിരച്ചില്‍ നടത്തിയിട്ടും ഇവിടെ നിന്ന് എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നത്. ഇതിനിടെയാണ് പുഴുവരിക്കുന്ന നിലയില്‍ ശ്യാം കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."