അഹിംസയുടെ പ്രസക്തി ഗാന്ധിയന്‍ ദര്‍ശനത്തില്‍
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കാന്‍ 2007 ജൂണ്‍ 15നാണ് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. മഹാത്മജിയുടെ അഹിംസാ സിദ്ധാന്തം ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനംകൊണ്ട് ഐക്യരാഷ്ട്ര സഭ ഉദ്ദേശിച്ചത്. അഹിംസാ സിദ്ധാന്തം പ്രാവര്‍ത്തികമാക്കി ലോകമെങ്ങും ശാന്തിയും സമാധാനവും സഹിഷ്ണുതയും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും ഐക്യരാഷ്ട്ര സഭയ്ക്കുണ്ട്.
യു.എന്‍ സന്ദര്‍ശക പ്ലാസയില്‍ തോക്കിന്‍ കുഴല്‍ ചുരുട്ടിക്കൂട്ടിയ ഒരു ശില്‍പം സ്ഥാപിച്ചിട്ടുണ്ട്. കാള്‍ ഫ്രെഡറിക് റിട്ടര്‍ വാര്‍ഡ് രൂപകല്‍പ്പന ചെയ്ത 'ബന്ധിക്കപ്പെട്ട തോക്ക് 'എന്ന ആ ശില്‍പം അഹിംസയുടെ പാതയിലൂടെ ലോകജനത സഞ്ചരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രപിതാവിന്റെ മഹനീയമായ സിദ്ധാന്തത്തിനു കിട്ടിയ അന്താരാഷ്ട്ര അംഗീകാരമായി ഇതിനെ കണക്കാക്കാം.
പക്ഷേ, ആ അംഗീകാരം ഗാന്ധിജിക്കും അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തിനും നാം നല്‍കിയിട്ടുണ്ടോ? ജാതിയുടെയും മതത്തിന്റെയും പേരില്‍ അനേകം നിരപരാധികള്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അഹിംസയുടെ പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നു കൊടുത്ത ഗാന്ധിജി പോലും ഗോഡ്‌സെയുടെ കരങ്ങളാല്‍ കൊല്ലപ്പെടുകയായിരുന്നല്ലോ.
അഹിംസാ സിദ്ധാന്തത്തിന്റെ ഉള്‍ക്കാമ്പിനെക്കുറിച്ച് ഒരിക്കല്‍ ഗാന്ധിജി ഇപ്രകാരം പറഞ്ഞു: 'എന്റെ വിശ്വാസത്തിലെ ആദ്യ പ്രമാണം അഹിംസയാണ്. എന്റെ ധര്‍മ പദ്ധതിയുടെ അവസാന പ്രമാണമവും അതുതന്നെ.'
മറ്റൊരിക്കല്‍ ഗാന്ധിജി പറഞ്ഞതിങ്ങനെ: 'മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ഉദാത്തമായ സൈനികശക്തി അഹിംസയാണ്. മനുഷ്യന്റെ ബുദ്ധിശക്തികൊണ്ടു വികസിപ്പിച്ചെടുത്ത ഏതു നശീകരണായുധത്തേക്കാളും ശക്തമാണത്.'
ഗാന്ധിജിയുടെ അഹിംസാ ദര്‍ശനങ്ങളില്‍ മുഹമ്മദ് നബി (സ)യുടെയും യേശുക്രിസ്തുവിന്റെയും ഗൗതമബുദ്ധന്റെയും വര്‍ദ്ധമാനമഹാവീരന്റെയും തത്വങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തിയതായി കാണാനാകും. മുഹമ്മദ് നബി (സ)യുടെ പേരമകനായ ഇമാം ഹുസൈന്‍ (റ)ന്റെ അഹിംസാ തത്വങ്ങളും ഗാന്ധിജിയെ ശക്തമായി സ്വാധീനിച്ചിരുന്നു.
2006 ല്‍ ഡമസ്‌ക്കസില്‍ പ്രസിദ്ധീകരിച്ച 'സമ്മറി ഓഫ് ദ ട്രാജഡി ഓഫ് സയ്യെദാ റുഖിയ ഡോട്ടര്‍ ഓഫ് ഇമാമുല്‍ ഹുസൈന്‍' എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: 'ഈ രക്തസാക്ഷികള്‍ (ഇമാം ഹുസൈന്‍ (റ) അടക്കം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഹിജ്‌റ 61 മുഹര്‍റം പത്തിലെ കര്‍ബല യുദ്ധത്തിലെ രക്തസാക്ഷികള്‍) പൂര്‍ണമായും മഹാമനസ്‌കതയും ആത്മീയൗന്നത്യവും ഉള്ളവരായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ മഹാനായ നായകന്‍ ഈ രക്തസാക്ഷികളെ പ്രശംസിച്ചുകൊണ്ടു പറഞ്ഞു: ''ഈ മനുഷ്യര്‍ എന്നോടുകൂടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയെയും ലോകത്തെപ്പോലും അടിച്ചമര്‍ത്തലില്‍ നിന്നു ഞാന്‍ സ്വതന്ത്രമാക്കുമായിരുന്നു. ഇമാം ഹുസൈന്റെ ദര്‍ശനത്തില്‍ നിന്നാണ് അടിച്ചമര്‍ത്തലിനെതിരേ എങ്ങനെ പോരാടണമെന്നു ഞാന്‍ പഠിച്ചത്.''
അഹിംസയെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളേക്കാള്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അക്കാര്യത്തില്‍ ഏറ്റവും നല്ലപാഠം. ഒരിക്കല്‍ ഗാന്ധിജി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ആ കംപാര്‍ട്ട്‌മെന്റിലേക്ക് ഒരു ബ്രിട്ടിഷുകാരന്‍ കടന്നുവന്നു. തന്നെപ്പോലെ തൊലിവെളുപ്പുള്ള പാശ്ചാത്യര്‍ സഞ്ചരിക്കുന്ന ഉയര്‍ന്ന ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ ഒരു ഇന്ത്യക്കാരനെ കണ്ടു കലിയെടുത്ത അയാള്‍ ഷൂ കൊണ്ടു ഗാന്ധിജിയെ ചവിട്ടി പുറത്തേക്കിട്ടു. ചവിട്ടിന്റെ ആഘാതത്തില്‍ തെറിച്ചു വീണെങ്കിലും ഗാന്ധി ക്ഷുഭിതനായില്ല. പകരം അദ്ദേഹം നിലത്തുനിന്നു ചിരിച്ചുകൊണ്ട് എഴുന്നേറ്റു ചോദിച്ചത് ഇങ്ങനെ: ''അങ്ങയുടെ ഷൂവിനു വല്ല കേടുപാടും പറ്റിയോ?''
ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ ഒരിക്കല്‍ വന്‍തോതില്‍ പാമ്പുശല്യമുണ്ടായി. ആശ്രമവാസികള്‍ ഭയചകിതരായി. അവരുടെ സ്വസ്ഥത നഷ്ടപ്പെട്ടു. ഏതു സമയവും പാമ്പിന്റെ കടിയേല്‍ക്കാമെന്ന ഭീതി. അതിനാല്‍, അന്തേവാസികളിവല്‍ ഒരാള്‍ ഗാന്ധിയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''ബാപ്പുജീ, പാമ്പുകളെക്കൊണ്ട് ആശ്രമവാസികളെല്ലാം ഭീതിയിലാണ്. അവയെ കൊല്ലുന്നതാണ് അഭികാമ്യമെന്നാണ് എല്ലാവരും പറയുന്നത്.''
ഇതുകേട്ട് ഗാന്ധിജി ഞെട്ടലോടെ ചോദിച്ചു, ''പാമ്പുകളെ കൊല്ലുകയോ?''
എന്നിട്ടദ്ദേഹം ആ അന്തേവാസിയോട് ഇങ്ങനെ പറഞ്ഞു, 'ഇക്കാര്യം നമുക്കു സായാഹ്ന പ്രാര്‍ഥനാ ഹാളില്‍ ചര്‍ച്ചചെയ്യാം.
വൈകുന്നേരത്തെ പ്രാര്‍ഥനക്കുശേഷം അന്തേവാസികള്‍, പാമ്പുശല്യത്തില്‍ നിന്നു തങ്ങളെ രക്ഷിക്കണമെന്നു ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധി നേരിട്ടൊരു ഉത്തരം നല്‍കിയില്ല. പകരം ഒരു അനുഭവം പറഞ്ഞു.
'' ഞാന്‍ ദക്ഷിണാഫ്രിക്കയിലെ പുഴയോരത്തു സ്ഥാപിച്ച ആശ്രമത്തിലും ഇതേപോലെ പാമ്പുശല്യമുണ്ടായിരുന്നു. ഒരിക്കലൊരു പാമ്പിനെ ആശ്രമത്തിലെ ഇന്ത്യക്കാരനായ അന്തേവാസി കൊന്നു. അടുത്തദിവസം ഒരു യുറോപ്യനും ആശ്രമത്തിലെ പുല്‍ത്തകിടില്‍ ഇഴഞ്ഞു നീങ്ങുന്ന മറ്റൊരു പാമ്പിനെ കണ്ടു. അയാളും അതിനെ കൊല്ലാനുറച്ചു. അപ്പോഴാണ്, എന്റെ അഹിംസാ ദര്‍ശനം അദ്ദേഹത്തിനോര്‍മ വന്നത്. അയാള്‍ പാമ്പിനെ കൊന്നില്ല. അതിനെ അതിന്റെ വഴിക്കുവിട്ടു. പാമ്പ് അദ്ദേഹത്തിന്റെ കാലിനു തൊട്ടരികിലൂടെ ഇഴഞ്ഞുപോയി.
തുടര്‍ന്ന് ഗാന്ധിജി പറഞ്ഞു: 'നമുക്കു ചുറ്റുമുള്ള മൃഗങ്ങള്‍, ഇഴജന്തുക്കള്‍പോലും പ്രകൃത്യാ ശാന്തരും നിരുപദ്രവകാരികളുമാണ്. നാം അവയെ ഉപദ്രവിക്കാന്‍ ചെല്ലാതിരുന്നാല്‍ മതി.
മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളിലൂടെയും അഹിംസയുടെ മാഹാത്മ്യം ആണ് ഗാന്ധിജി ലോകത്തിനു പകര്‍ന്നുകൊടുത്തത്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തമുള്‍പ്പെടെയുള്ള ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു: 'ഗാന്ധിജിയെപോലെ മജ്ജയും മാംസവുമുള്ള ഒരാള്‍ ഭൂമി ലോകത്തു ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചുകൊള്ളണമെന്നില്ല'.
ഗാന്ധിയന്‍ ദര്‍ശനമായ അഹിംസ ജീവിതത്തില്‍ പകര്‍ത്തി ജാതിയുടെയും മതത്തിന്റെയു പേരില്‍ പോര്‍വിളി നടത്താതെ മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ ഈ അന്താരാഷ്ട്ര അഹിംസാദിനത്തില്‍ പ്രതിജ്ഞ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."