ടി.ആര്‍.പി തട്ടിപ്പ് റിപ്പബ്ലിക് ടി.വി സി.ഇ.ഒ അറസ്റ്റില്‍
മുംബൈ: പണംനല്‍കി ചാനലിന്റെ ടി.ആര്‍.പി റേറ്റ് കൂട്ടാന്‍ ശ്രമിച്ച കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് കഞ്ചന്‍ധാനി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന 13ാമത്തെ പ്രതിയാണ് കഞ്ചന്‍ധാനി.
കേസ് കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലിസില്‍ നിന്ന് മാറ്റി സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. കേസില്‍ വികാസിനെ മഹാരാഷ്ട്ര പൊലിസ് അഞ്ച് ദിവസം ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ നിതിന്‍ ദിയോക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് മുംബൈ പൊലിസ് വികാസിനെതിരേ കേസെടുത്തത്. റേറ്റിങ് ബോക്‌സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസര്‍ച്ച് എന്ന കമ്പനിയാണ്. ഉയര്‍ന്ന ടി.ആര്‍.പി റേറ്റിങ് മൂലം പരസ്യങ്ങള്‍ക്ക് അമിതനിരക്ക് ഈടാക്കാന്‍ കഴിയുന്നതിനാല്‍ റിപ്പബ്ലിക് ചാനല്‍ പണംനല്‍കി ടി.ആര്‍.പി കൂട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."