യൂനിവേഴ് സിറ്റി കോളജിന്റെ ദുരവസ്ഥയുടെ ഉത്തരവാദിത്വം സി.പി.എമ്മിന്, ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യൂനിവേഴ്സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നും ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അരുതാത്തത് പലതും യൂനിവേഴ്‌സിറ്റി കോളജില്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് 1992ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിന്റെയും പൂര്‍ണമായ പിന്തുണയോടുകൂടി 92 ലെ ബജറ്റിലൂടെ യൂനിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ സര്‍ക്കാര്‍ കോളജ് തുടങ്ങി മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കേളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഡിഗ്രി കോളജ് തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചു. യൂനിവേഴ്‌സിറ്റി കോളജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. പതിനെട്ട് വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി സംവിധാനങ്ങള്‍ ഒരുക്കി. എന്നാല്‍ 96ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ അതുമാറ്റി കാര്യവട്ടത്തെ കോളജ് നിലനിര്‍ത്തി ഡിഗ്രി ക്ലാസുകള്‍ യൂനിവേഴ്‌സിറ്റി കോളജിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അതോടെയാണ് യൂനിവേഴ്‌സിറ്റി കോളജ് വീണ്ടും പഴയ സ്ഥിതിയിലായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
187 കുട്ടികള്‍ ടി.സി വാങ്ങിപ്പോയി, ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും ശ്രമം നടത്തി. സ്വയംഭരണ കോളജാക്കാന്‍ കൈക്കൊണ്ട നടപടികളെ മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തുകയായിരുന്നു.
ഡിഗ്രി കോഴ്‌സുകള്‍ തിരികെ കൊണ്ടുവന്നതും സ്വയംഭരണ കോളജ് ആക്കാതിരുന്നതു മൂലം സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകാതെ പോയതുമാണ് യൂനിവേഴ്‌സിറ്റി കോളേജിന്റെ ഇപ്പോഴത്തെ ദാരുണവസ്ഥക്ക് പ്രധാന കാരണമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ പല തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു. യൂനിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂനിവേഴ്സ്റ്റി കോളേജിലെ എസ്.എഫ്.ഐ ഓഫിസിലും പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്.
ഇപ്പോഴുണ്ടായ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."