തൃക്കോട്ടൂരിന്റെ കഥാകാരന് നാടിന്റെ യാത്രാമൊഴി
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരുപിടി കഥകള്‍ ബാക്കിയാക്കി മാനാഞ്ചിറയുടെ ഓരത്തുനിന്ന് ഖാദര്‍ക്ക തൃക്കോട്ടൂരിലേക്ക് യാത്രയായി. തന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങള്‍ ജീവിച്ച തിക്കോടിയിലെ മണ്ണില്‍ യു.എ ഖാദര്‍ ഇനി അന്തിയുറങ്ങും. അന്ത്യാഭിലാഷം സഫലമാക്കി തിക്കോടി മേത്തലപ്പള്ളിയിലെ ചോലമരച്ചുവട്ടിലെ ആറടിമണ്ണില്‍ തന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹം ജീവിക്കും.
ഇന്നലെ രാവിലെ പത്തോടെ പൊക്കുന്നിലെ 'അക്ഷരം' വീട്ടില്‍ നിന്ന് ഭൗതികശരീരം കിണാശേരി കോന്തനാരി പള്ളിയിലെത്തിച്ചു. മൂത്ത മകന്‍ ഫിറോസിന്റെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിനുശേഷം 11 മണിയോടെ മാനാഞ്ചിറ പട്ടാള പള്ളിയിലെത്തിച്ചു. ഇവിടെ നിന്ന് നിസ്‌കാര ശേഷം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രിയ കഥാകാരനെ ഒരുനോക്കുകാണാന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നാടിന്റെ നാനാദിക്കില്‍ നിന്നും നിരവധിപേരാണ് ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്. പന്ത്രണ്ടോടെ അദ്ദേഹത്തിന്റെ അമേത്ത് തറവാടിന് സമീപത്തെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. തിക്കോടി പാലൂരിലെ വസതിയായ 'സീതി' വീട്ടിലെത്തിച്ചപ്പോള്‍ കുടുംബാംഗങ്ങളും കളിക്കൂട്ടുകാരും നാട്ടുകാരും തൃക്കോട്ടൂര്‍ ദേശത്തെ വാനോളമുയര്‍ത്തിയ കഥാകാരനെ കാണാനെത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരമര്‍പ്പിച്ച ശേഷം തിക്കോടി മേത്തലപ്പള്ളിയിലെത്തിച്ചു. ഇവിടെ നിന്ന് മയ്യിത്ത് നിസ്‌കാര ശേഷം ഖബറടക്കം നടന്നു.
കോഴിക്കോട് ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, എ.പ്രദീപ് കുമാര്‍, സാഹിത്യകാരന്മാരായ കെ.ഇ.എന്‍, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, പി.കെ ഗോപി, ഡോ. ഖദീജ മുംതാസ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ കെ.ദാസന്‍ എം.എല്‍.എ, മുന്‍ മന്ത്രി പി.വിശ്വന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പൊക്കുന്നിലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."