നീറ്റ് ഹരജി വേഗം പരിഗണിക്കാനാകില്ല: സുപ്രിം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പൊതുപ്രവേശനപരീക്ഷ (നീറ്റ്) റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ അടിയന്തര വാദംകേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. അടുത്തമാസം ഏഴുവരെ ഫലംപ്രസിദ്ധീകരിക്കരുതെന്ന കഴിഞ്ഞദിവസത്തെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി. ബിഹാറിലും പശ്ചിമബംഗാളിലും രാജസ്ഥാനിലും ചോദ്യക്കടലാസ് ചോര്‍ന്നിട്ടുണ്ട്. അതിനാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും ചോദ്യക്കടലാസ് ചോര്‍ച്ച സി.ബി.ഐ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് നിലവില്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവുവും നവീന്‍ സിന്‍ഹയും ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് അടിയന്തരമായി ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.
ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളായതിനാല് ചില വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എളുപ്പവും ചിലര്‍ക്കു ബുദ്ധിമുട്ടായെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നല്കിയ പരാതിക്കുപുറമെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ മാതാവ് നല്കിയ പൊതുതാല്‍പ്പര്യ ഹരജിയും പരിഗണിക്കവെയാണ് അടുത്തമാസം ഏഴിനു മുമ്പായി ഫലം പ്രസിദ്ധീകരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. വിഷയത്തില്‍ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍, പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള സി.ബി.എസ്.ഇ, ആരോഗ്യമന്ത്രാലയ സെക്രട്ടറി എന്നിവരോട് അടുത്തമാസം ഏഴിന് മുന്‍പ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിനു രാജ്യവ്യാപകമായി നടന്ന നീറ്റ് പരീക്ഷ 11.5 ലക്ഷം പേരാണ് എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."