ലോട്ടറി തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലിസ് ടീമിനെ നിയോഗിക്കും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വിപണന രംഗത്തു ലോട്ടറി മാഫിയയുടെ കടന്നുകയറ്റം ശക്തമായി ചെറുക്കുമെന്നു ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കള്ളലോട്ടറി കച്ചവടം കണ്ടുപിടിക്കാന്‍ പ്രത്യേക പൊലിസ് ടീമിനെ നിയോഗിക്കുമെന്നും ലോട്ടറി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്നു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു ലോട്ടറി രംഗത്ത് ഇടനിലക്കാരുടെ കടന്നുകയറ്റം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇടനിലക്കാരെ മാറ്റിനിര്‍ത്തി സംസ്ഥാന സര്‍ക്കാരുകള്‍ സ്വയം ലോട്ടറി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ കേരളം സന്നദ്ധമാണ്. എഴുത്തുലോട്ടറിയും കള്ളലോട്ടറിയും സംസ്ഥാനത്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. സോഷ്യല്‍മീഡിയയിലൂടെയും മറ്റുമുള്ള കേരളാ ലോട്ടറിക്കെതിരായ പ്രചാരണങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിലവില്‍ ലോട്ടറി സംബന്ധമായ 250ലേറെ കേസുകളുണ്ട്. ഇത് അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണ സംവിധാനം അനിവാര്യമാണ്.
ലോട്ടറി തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഏജന്റിനും സംസ്ഥാന ലോട്ടറി നടത്തിപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."