ഐ.എസ് വിരുദ്ധ യു.എസ് സഖ്യത്തില്‍ ചേരാന്‍ നാറ്റോ
ബ്രസല്‍സ്: സിറിയയിലും ഇറാഖിലും ഐ.എസിനെതിരേ പോരാടുന്ന യു.എസ് സഖ്യത്തോടൊപ്പം ചേരാന്‍ നാറ്റോ രാജ്യങ്ങളുടെ തീരുമാനം. കഴിഞ്ഞ ദിവസം ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന 28 അംഗ നാറ്റോ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. കൂട്ടായ്മയിലെ ഏതാനും രാജ്യങ്ങള്‍ പശ്ചിമേഷ്യയിലെ യു.എസ് നീക്കത്തിനു പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം രാജ്യങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നില്ല.
ബ്രസല്‍സില്‍ പുതുതായി ആരംഭിച്ച നാറ്റോ ആസ്ഥാനം ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലടക്കം ആദ്യ വിദേശ സന്ദര്‍ശനത്തിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രം.
സൈനിക നടപടികള്‍ക്ക് ആവശ്യമായ മുഴുവന്‍ വിഹിതവും സഖ്യരാജ്യങ്ങള്‍ നല്‍കണമെന്ന് ട്രംപ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളില്‍ പലരും സൈനിക ചെലവ് വെട്ടിച്ചുരുക്കിയതായി നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള നിരവധി യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായും ട്രംപ് വ്യത്യസ്തമായ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് ബ്രസല്‍സിലെത്തിയത്.
രാവിലെ യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. റഷ്യ ഒഴികെയുള്ള ഭൂരിഭാഗം കാര്യങ്ങളിലും യു.എസ് നിലപാട് തങ്ങള്‍ അംഗീകരിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം ടസ്ക് പറഞ്ഞു. വ്യാപാര, കാലാവസ്ഥാ വിഷയങ്ങളിലും ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."