രോഗികളായ കുട്ടികളുടെ നിലവിളി സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുത്
ശ്രീചിത്ര ആശുപത്രിയില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വവും അലിവും എങ്ങനെ നടപടിക്രമങ്ങളില്‍ കുരുങ്ങി ഇല്ലാതാകുന്നുവെന്നതിന്റെ ഉദാഹരണമാണ്. നിര്‍ധന കുടുംബങ്ങളിലെ കൊച്ചുകുട്ടികള്‍ക്ക് പ്രയോജനപ്രദമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച താലോലം പദ്ധതിയുടെ കീഴിലുള്ള സൗജന്യ ചികിത്സ. നവജാത ശിശുക്കളുടെ ജന്മനായുള്ള അസുഖങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഓട്ടിസം ബാധിച്ച കുട്ടികളുടെ ഓപറേഷന്‍ അടക്കമുള്ള ചികിത്സ, തലയിലെ രക്തസ്രാവം, ഹീമോഗ്ലോബിന്‍ സംബന്ധിച്ച രോഗങ്ങള്‍, അസ്ഥി സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സൗജന്യ ചികിത്സയാണ് മുടങ്ങിയിരിക്കുന്നത്.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യമായി മികച്ച ചികിത്സ കിട്ടിയിരുന്ന കേരളത്തിലെ ഏറ്റവും നല്ല ചികിത്സാകേന്ദ്രമായിരുന്നു തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി. ഈ സ്ഥാപനം കേന്ദ്രസര്‍ക്കാരിനു കീഴിലാണെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ താലോലം എന്ന പേരില്‍ തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നത്. പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുന്നതു മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള ചികിത്സ സൗജന്യമാണ്. ഇപ്പോള്‍, ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒടുക്കേണ്ടിയിരുന്ന വലിയ തുക കുടിശിക ആയതോടെ ആശുപത്രി അധികൃതര്‍ക്ക് താലോലം പദ്ധതിക്ക് കീഴിലുള്ള ചികിത്സ തുടര്‍ന്നുനല്‍കാനാവാതെ വന്നിരിക്കുന്നു. ബി.പി.എല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് ചികിത്സാ ചെലവില്‍ 30 ശതമാനം ഇളവ് നല്‍കാന്‍ ആശുപത്രി തീരുമാനിച്ചിട്ടുണ്ടെങ്കിലും, നാലും അഞ്ചും ലക്ഷം വരുന്ന ചികിത്സാ ചെലവ് എങ്ങനെ വഹിക്കുമെന്നറിയാതെ ദരിദ്ര കുടുംബങ്ങളിലെ കുടുംബനാഥന്മാര്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു മാസമായി ചികിത്സ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് പാവപ്പെട്ട കടുംബങ്ങളിലെ 18 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍.
വലിയ പരസ്യ കോലാഹലത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ താലോലം പദ്ധതി പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടത്. എന്നാല്‍ ചികിത്സയിനത്തില്‍ കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്.
നവംബര്‍ 18ന് സര്‍ക്കാര്‍ ഉത്തരവില്‍ സൗജന്യ ചികിത്സ സംസ്ഥാനത്തെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതുവഴി കേരളത്തില്‍ താമസിക്കുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. കേന്ദ്ര പദ്ധതിയായിരുന്ന രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമ (ആര്‍.ബി.എസ്.കെ)ത്തിന് കീഴിലായിരുന്നു ഇതരസംസ്ഥാന കുട്ടികള്‍ക്കുകൂടി ചികിത്സ ലഭ്യമാക്കിയിരുന്നത്. ഹൃദ്രോഗം ഒഴികെയുള്ള കുട്ടികളുടെ ചികിത്സയ്ക്ക് കേരളത്തിലെ എ.പി.എല്‍ വിഭാഗത്തിലെ കുട്ടികള്‍ പണം നല്‍കണമെന്ന വ്യവസ്ഥയും അന്നുണ്ടാക്കി. ആര്‍.ബി.എസ്.കെ പദ്ധതി വഴി ലഭിച്ചിരുന്ന ഒ.പി ചികിത്സയും ഇല്ലാതാക്കി. സൗജന്യ ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കിയതോടെയാണ് ഇതെല്ലാം സംഭവിച്ചത്.
ദേശീയാരോഗ്യ മിഷനുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും പുതിയ കരാര്‍ ഒപ്പിട്ടതോടെ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ കുട്ടികള്‍ക്കും ചികിത്സ നിഷേധിച്ചിരിക്കുന്നു. കോടികള്‍ കുടിശിക വരുത്തും മുന്‍പ് സംസ്ഥാനത്തെ ദരിദ്രരായ കുട്ടികള്‍ക്കെങ്കിലും ചികിത്സ തുടരാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
രണ്ട് പ്രളയങ്ങളും കൊവിഡും വരുത്തിയ സാമ്പത്തിക പ്രയാസം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും ബജറ്റില്‍ വകയിരുത്തിയ പല പദ്ധതികളെയും സാരമായി ബാധിച്ചു എന്നത് നേരാണ്. ഇതുകാരണം അത്യാവശ്യമല്ലാത്ത, അധികച്ചെലവുള്ള പല പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുമാണ്. ഓഫിസുകള്‍ മോടിപിടിപ്പിക്കുന്നതും പുതിയ ഫര്‍ണിച്ചര്‍ വാങ്ങുന്നതും സര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ ഇതിനിടയിലും സര്‍ക്കാര്‍ തലത്തില്‍ അമിതവ്യയവും ധൂര്‍ത്തും യഥേഷ്ടം നടന്നുവെന്നത് വിരോധാഭാസമാണ്. ചെലവ് ചുരുക്കലിന് എല്ലാ വഴികളും തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഭരണ തലത്തില്‍ അത് പാലിക്കപ്പെട്ടുകണ്ടില്ല.
പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുമ്പോഴാണ് കൊവിഡ് മഹാമാരി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ചെലവ് ചുരുക്കുന്നതിന് നിര്‍ദേശങ്ങള്‍ തേടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും മാസശമ്പളത്തില്‍ നിന്ന് വിഹിതം പിടിക്കാന്‍ തീരുമാനവുമുണ്ടായി. എന്നാല്‍ അപ്പോഴും സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത മുന്നോക്ക കമ്മിഷനും ഭരണപരിഷ്‌കാര കമ്മിഷനും ലക്ഷങ്ങള്‍ ചെലവിട്ട് നിലനിര്‍ത്തുന്നത് തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ഉപദേശകപ്പടയ്ക്ക് ലക്ഷങ്ങളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടാതിരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയാണ് സുപ്രിംകോടതി അഭിഭാഷകരെ കൊണ്ടുവന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനത്തെ അറിയിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിലവിലുള്ളപ്പോള്‍ത്തന്നെ ലക്ഷങ്ങള്‍ നല്‍കി സ്വകാര്യ ഏജന്‍സികളെയും നിയമിച്ചു. കോടികള്‍ മുടക്കിയാണ് വെറുതെ കിടന്ന ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. മുന്‍ എം.പി സമ്പത്തിന് കാബിനറ്റ് റാങ്ക് നല്‍കി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ ചെലവിട്ടതും കോടികള്‍. ലോക കേരള സഭ എന്ന പേരില്‍ വരേണ്യ പ്രവാസി സമ്മേളനം നടത്തിയതും കോടികള്‍ തുലച്ച്. ഏറ്റവുമൊടുവില്‍ സി.പി.എം നേതാവായിരുന്ന എ.കെ.ജിയുടെ സ്മരണയ്ക്കായി കണ്ണൂരില്‍ നിര്‍മിക്കുന്ന സ്മൃതി മ്യൂസിയത്തിന് ലക്ഷങ്ങള്‍ നീക്കിവച്ചു.
അനാവശ്യമായ ഇത്തരം കാര്യങ്ങള്‍ക്ക് ചെലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ശ്രീചിത്രയില്‍ കുടിശിക വരുമായിരുന്നോ? നിര്‍ധനരായ കുഞ്ഞുങ്ങളുടെ ജന്മനായുള്ള രോഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന ദുരവസ്ഥ ഉണ്ടാകുമായിരുന്നോ? സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി താലോലം ഇന്നും നിലനില്‍ക്കുമായിരുന്നില്ലേ? ശസ്ത്രക്രിയ ആവശ്യമായ നൂറുകണക്കിന് കുട്ടികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അവരുടെ നിര്‍ധനരായ രക്ഷിതാക്കളാണ് ശസ്ത്രക്രിയക്ക് പണം കാണാനാവാതെ കണ്ണീരൊഴുക്കുന്നത്. നിര്‍ധനരായ ഈ കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ സര്‍ക്കാര്‍ മനസിലാക്കണം. അവരുടെ പരിതാപകരമായ ചുറ്റുപാട് കാണാതെ പോകരുത്. രക്ഷിതാക്കളുടെ ചുടുനിശ്വാസങ്ങള്‍ അറിയാതെ പോകരുത്. എത്രയും വേഗം ശ്രീചിത്രയിലെ കുടിശികയടച്ച് താലോലം ചികിത്സാപദ്ധതി ഒട്ടും അമാന്തിക്കാതെ പുനരാരംഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."