ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്നു.
നിലയ്ക്കല്‍ ബേസ് ക്യാംപിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീകള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ല. കൂടുതല്‍ വനിതാ പൊലിസുകാരെ നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകരായി സ്ത്രീകളെക്കൂടി ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്കായി പ്രത്യേകം ടോയ്‌ലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയ്‌ലറ്റുകള്‍ക്ക് പ്രത്യേക നിറം നല്‍കി വേര്‍തിരിക്കും. നിലയ്ക്കലില്‍ പതിനായിരം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
സന്നിധാനത്ത് തീര്‍ഥാടകരെ താമസിപ്പിക്കുന്നതു നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്കു മടങ്ങുന്ന സ്ഥിതിയുണ്ടാവണം. ഭക്തജന പ്രവാഹം കണക്കിലെടുത്തു ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലും വ്യാപക പ്രചാരണം നല്‍കും. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പ്രചാരണം നടത്തും.
മലയിലേക്കുള്ള പാതകളില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. കൂട്ടംതെറ്റുന്നവരെ കണ്ടെത്തുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടുതല്‍ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ഇടത്താവളങ്ങളിലും വനിതാ പൊലിസുകാരുണ്ടാവും. കെ.എസ്.ആര്‍.ടി.സി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.
15 കംഫര്‍ട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി അനുവദിക്കും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ഥാടകര്‍ക്കായി റിസര്‍വ് ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ പുരുഷന്‍മാരെ ഈ സീറ്റുകളിലിരിക്കാന്‍ അനുവദിക്കൂ.
20 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ചുലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിനു നടപടിയെടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ. പി. ശങ്കര്‍ദാസ്, കമ്മിഷനര്‍ എന്‍. വാസു, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സെക്രട്ടറിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."