ഖത്തര്‍ ജയിലുകളില്‍ 133 ഇന്ത്യക്കാരെന്ന് എംബസി അധികൃതര്‍
ദോഹ: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 133 ഇന്ത്യക്കാര്‍ ഖത്തര്‍ ജയിലുകളില്‍ കഴിയുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ രാജ്യത്തു നിന്ന് നാടുകടത്തുന്നതിനായി നാടുകടത്തല്‍ കേന്ദ്രത്തില്‍ നൂറ് ഇന്ത്യക്കാരുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന എംബസി ഓപ്പണ്‍ ഹൗസിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി.
എംബസി ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജയിലിലും നാടു കടത്തല്‍ കേന്ദ്രത്തിലും ഈ മാസം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെയായി എംബസി ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തില്‍ 2419 പരാതികളാണ് ലഭിച്ചത്. 2015 ല്‍ ആകെ 4132 പരാതികള്‍ ലഭിച്ചിരുന്നു. 2016 ജൂലൈ 29 വരെയുളള ദിവസങ്ങളില്‍ 161 ഇന്ത്യക്കാര്‍ ഖത്തറില്‍ മരണപ്പെട്ടതായും എംബസി അധികൃതര്‍ വ്യക്തമാക്കി.
ഖത്തര്‍ അധികൃതരുടെ ആവശ്യത്തെത്തുടര്‍ന്ന് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 15 പേര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അത്യാവശ്യ രേഖകള്‍ എംബസി നല്‍കിയിട്ടുണ്ട്. 11 പേര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കി. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനലവന്റ് ഫോറം (ഐ.സി.ബി.എഫ്) നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത ഐ.സി.ബി.എഫ് ഭാരവാഹികളും അറിയിച്ചു.
ഓപണ്‍ ഹൗസില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ സിംഗ്, ഐ.സി.ബി.എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."