പകച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്; പിടിച്ചടക്കുന്ന ബി.ജെ.പി
2014ല്‍ ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു. 2019ല്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇപ്പോളവര്‍ മുദ്രാവാക്യം മാറ്റിയിരിക്കുന്നു. പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പണച്ചാക്കുമായി ബി.ജെ.പി. കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ജനപ്രതിനിധികള്‍ ബി.ജെ.പിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ ഇതര മന്ത്രിസഭകളെ മറിച്ചിട്ട് തല്‍സ്ഥാനത്ത് ബി.ജെ.പി ഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടാല്‍ ഭരണഘടന പെട്ടെന്ന് പൊളിച്ചെഴുതാന്‍ പറ്റും. ആരും എതിര്‍ക്കാനുണ്ടാവില്ല.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ടുകള്‍ മാത്രമേ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് ലഭിച്ചിട്ടുള്ളൂ. കോണ്‍ഗ്രസിന് ഇരുപത് ശതമാനം വോട്ടും കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിനെ ഇപ്പോഴും ഒരു വലിയ വിഭാഗം ജനങ്ങള്‍ ആശ്രയിക്കുന്നു എന്നാണ് ഇതില്‍നിന്നും മനസിലാകുന്നത്. കഴിഞ്ഞ ലോക്‌സഭയിലുണ്ടായിരുന്നതിനേക്കാളും സീറ്റുകളും കോണ്‍ഗ്രസിന് വര്‍ധിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് തീര്‍ച്ചയായും കോണ്‍ഗ്രസിന് അവകാശമുണ്ട്. 2014ന് ശേഷം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് ഇല്ലാത്ത അവസ്ഥയാണ്.
545 പേരില്‍ പത്ത് ശതമാനം അംഗങ്ങള്‍ പ്രതിപക്ഷത്ത് ഇല്ല എന്നതിന്റെ സാങ്കേതികത്വം പറഞ്ഞാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്നത്. പ്രതിപക്ഷ നേതാവ് ഇല്ലാതാകുമ്പോള്‍ ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിലെ പരസ്പര നിയന്ത്രണ സംവിധാനത്തെ അട്ടിമറിക്കാനാകും. ഇങ്ങിനെ സാങ്കേതികത്വം പറഞ്ഞ് പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നിഷേധിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിപോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി തല്‍സ്ഥാനം രാജിവച്ചതും പകരം മറ്റൊരാളെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ് പകച്ച്‌നില്‍ക്കുന്നതുമായ അവസ്ഥയാണ് ബി.ജെ.പി മുതലെടുക്കുന്നത്. കോണ്‍ഗ്രസില്‍ നാഥനില്ലെന്നും കോണ്‍ഗ്രസ് തകരുകയാണെന്നും പറഞ്ഞ് എം.എല്‍.എമാരെ ചാക്കിട്ട്പിടിക്കുന്ന തിരക്കിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ മാത്രമല്ല ആന്ധ്ര, തെലങ്കാന, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൊക്കെയും അവര്‍ വലയെറിഞ്ഞിരിക്കുകയാണ്. ബംഗാളില്‍ സി.പി.എം എം.എല്‍.എമാര്‍ പോലും ബി.ജെ.പിയില്‍ ചേക്കേറിയിരിക്കുന്നു.
ഗോവയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പത്തോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടെയുണ്ടായിരുന്ന ഘടകകക്ഷികളെയെല്ലാം ഒഴിവാക്കി ബി.ജെ.പി തനിച്ച് ഭരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇത് തന്നെയായിരിക്കും ഇതര സംസ്ഥാനങ്ങളിലും സംഭവിക്കുക. വൈകാതെ എന്‍.ഡി.എ ഉണ്ടാകില്ല, പകരം ബി.ജെ.പിയുടെ ഏകകക്ഷി ഭരണമായിരിക്കും ഇന്ത്യയിലൊട്ടാകെ. പിന്നെ ഭരണഘടന തിരുത്തി ഹിന്ദുത്വ ഭരണത്തിന് നാന്ദികുറിക്കാന്‍ അമിത്ഷാ നേരത്തെ പറഞ്ഞ ദശാബ്ദം വരെ കാത്തിരിക്കേണ്ടിവരില്ല. ഇതിനെല്ലാം കാരണം രാഹുല്‍ ഗാന്ധിയുടെ രാജിയും കോണ്‍ഗ്രസിന്റെ തലപ്പത്തെ ശൂന്യതയുമാണ്.
രാഹുല്‍ ഗാന്ധി തന്റെ രാജിക്ക് പറയുന്ന കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം തനിച്ചായിരുന്നു എന്നാണ്. നേതൃത്വം തനിക്ക് പിന്തുണ നല്‍കിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു. എന്നിട്ടും അവരാരും രാജിവയ്ക്കുന്നുമില്ല. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നുമില്ല. ഇതിലും വലിയൊരവസരം ബി.ജെ.പിക്ക് കിട്ടാനുണ്ടോ
രാഹുല്‍ ഗാന്ധി ഇളക്കിമറിച്ച മണ്ഡലങ്ങളില്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ അവിടങ്ങളിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടില്ല. പ്രവര്‍ത്തകരെ കര്‍മ്മോത്സുകരാക്കാന്‍ ഒരു നേതാവും ഇറങ്ങിയില്ല. അവരവരുടെ മക്കള്‍ക്ക് സീറ്റ് ഉറപ്പിക്കാനും വിജയിപ്പിക്കാനുമായിരുന്നു പലരും അധ്വാനിച്ചത്.
ബി.ജെ.പിയാകട്ടെ അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ സുസജ്ജമാക്കുന്നതില്‍ അതീവ ശ്രദ്ധയാണ് നല്‍കിയത്. ആര്‍.എസ്.എസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
ഈ പൊതുതെരഞ്ഞെടുപ്പില്‍ 270000 കോടിയാണ് ബി.ജെ.പി ചെലവാക്കിയത്. ഏതൊരു കോര്‍പറേറ്റ് കമ്പനിയെയും വെല്ലുന്ന പണശേഖരമാണ് അവരുടെ കൈയിലുള്ളത്. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതില്‍ എന്തത്ഭുതം. പണം കൊടുത്ത് കൂറുമാറുന്ന നേതാക്കളെ ജനകീയരായാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്.
രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം അനങ്ങാപ്പാറ നയം തുടര്‍ന്നപ്പോള്‍ മറുഭാഗത്ത് ബി.ജെ.പി തിരക്കിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. എല്ലാ പാര്‍ട്ടികളില്‍നിന്നും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കൊഴുകുന്നുണ്ട്. അതിന്റെ ഉത്തരവാദി കോണ്‍ഗ്രസ് അല്ലെങ്കിലും അത്തരമൊരു പ്രവണതക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ നിര്‍ജ്ജീവത്വമാണ്. ബി.ജെ.പി ഇതര എം.എല്‍.എമാര്‍ പാര്‍ട്ടി മാറി കുളിച്ച് ഉണ്ട് ഉറങ്ങി റിസോര്‍ട്ടുകളില്‍ സുഖിച്ച് കഴിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കുന്നില്ല. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കെല്ലാം ഒരുശതമാനം രണ്ട് ശതമാനം മാത്രമേ വോട്ടുകള്‍ ഉള്ളൂ.
ആനിലക്ക് ഇപ്പോഴത്തെ ബി.ജെ.പിയുടെ പിടിച്ചടക്കലിനെതിരേ ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് പോരാടേണ്ട ബാധ്യത കോണ്‍ഗ്രസിന് തന്നെയാണ്. 2014ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ബി.ജെ.പി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ തുടങ്ങിയത്. അരുണാചലില്‍ 2016ല്‍ നാല്‍പ്പത്തിയഞ്ച് എം.എല്‍.എമാരില്‍ 43 പേരെ ബി.ജെ.പി റാഞ്ചി അവിടെ കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ചു. മേഘാലയയില്‍ പ്രാദേശിക കക്ഷിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ചു. മണിപ്പൂരിലും ഇതുതന്നെ ആവര്‍ത്തിച്ചു.
2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നോട്ടമിടാന്‍ തുടങ്ങിയത് കര്‍ണാടകയില്‍ നിന്നാണ്. വൈകാതെ ഇതര സംസ്ഥാനങ്ങളിലേക്കും ഇത് എത്താം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കര്‍ണാടകയിലെ വിമത പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ വന്നിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിനെതിരേയും ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വൈകാതെ രാജസ്ഥാനും മധ്യപ്രദേശും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടേണ്ടിവരില്ല.
ഇന്ത്യയില്‍ പ്രതിപക്ഷമില്ലാത്ത ഏകകക്ഷി ഭരണം വരുമെന്ന് ഒരുവര്‍ഷം മുമ്പാണ് അമിത്ഷാ പ്രഖ്യാപിച്ചത്. അന്നതിനെ പലരും പുച്ഛിച്ച് തള്ളി. ഇപ്പോഴത് യാഥാര്‍ഥ്യത്തോടടുക്കുന്നു. ഇതിന്റെ ഉത്തരവാദി കോണ്‍ഗ്രസ് തന്നെയാണ്. ബി.ജെ.പിയുടെ അധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരേ ഇതര പ്രതിപക്ഷ കക്ഷികളായ ബി.എസ്.പി, എസ്.പി, തൃണമൂല്‍, എന്‍.സി.പി, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളെയെല്ലാം സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുന്നില്ലെങ്കില്‍ വൈകാതെതന്നെ ഇന്ത്യയില്‍ ബി.ജെ.പിയുടെ ഏകകക്ഷി ഭരണം നടപ്പിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."