കുടിയേറ്റ ബന്ധമുള്ള ഡെമോക്രാറ്റ് വനിതാ നേതാക്കള്‍ അമേരിക്ക വിടണമെന്ന് ട്രംപ്
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ത്‌ലൈബ്. അമേരിക്കയെ
'വൈറ്റ്' ആക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് പൊലോസി
വാഷിങ്ടണ്‍: ഡെമോക്രാറ്റ് പാര്‍ട്ടിയിലെ കുടിയേറ്റ ബന്ധമുള്ള നാല് വനിതാ നേതാക്കളോട് അമേരിക്ക വിട്ട് കുറ്റകൃത്യങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ന്യൂയോര്‍ക്കിലെ അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസ്, മസാച്യുസെറ്റ്‌സിലെ അയന്ന പ്രസ്‌ലി, മിഷിഗനിലെ റാഷിദ ത്‌ലൈബ്, മിനസോട്ടയിലെ ഇല്‍ഹാന്‍ ഉമര്‍ എന്നിവരെയാണ് ട്രംപ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. ഇവര്‍ ദ സ്‌ക്വാഡ് എന്നാണ് അറിയപ്പെടുന്നത്.
ഇതില്‍ പ്രസ്‌ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. ത്‌ലൈബ് ഫലസ്തീനില്‍നിന്നു കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോര്‍ട്ടെസ് ന്യൂയോര്‍ക്ക് പ്യൂര്‍ട്ടോറിക്കന്‍ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ സൊമാലിയയില്‍ നിന്ന് 1990കളില്‍ യു.എസിലേക്കു കുടിയേറിയ ഇല്‍ഹാന്‍ ഉമര്‍ അമേരിക്കയില്‍ ജനിച്ചവളല്ല.
ട്രംപിനെ ഇംപീച്ച് ചെയ്യുകയാണ് വേണ്ടതെന്ന് ത്‌ലൈബ് പ്രതികരിച്ചു. നാം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശവും അഴിമതിക്കാരനും കഴിവുകെട്ടവനുമായ പ്രസിഡന്റാണ് ട്രംപ് എന്നാണ് ഉമര്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ഇതാണ് തികഞ്ഞ വംശീയതയെന്ന് പ്രസ്‌ലിയും പറഞ്ഞു. ട്രംപിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മിഷിഗണില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജസ്റ്റിന്‍ അമാഷ് ഈ പരാമര്‍ശങ്ങളെ വംശീയവും വെറുപ്പുളവാക്കുന്നതുമാണ് എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളുകള്‍ക്കായി ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുന്നത് സങ്കടകരമാണ് എന്നാണ് ട്രംപ് ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. ട്രംപ് ഞായറാഴ്ച നടത്തിയ ചില ട്വീറ്റുകളാണ് വിവാദമായത്. ലോകത്തിലെ ഏറ്റവും അഴിമതിക്കാരും കഴിവില്ലാത്തവരുമായ രാജ്യങ്ങളില്‍നിന്നു വരുന്നവരാണ് അവര്‍. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ ഒരു ട്വീറ്റ്.
അമേരിക്കയെ വീണ്ടും 'ഗ്രേറ്റ്' ആക്കാനല്ല 'വൈറ്റ്' ആക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ നാന്‍സി പൊലോസി തുറന്നടിച്ചു. അങ്ങേയറ്റം വംശീയവും അമേരിക്കന്‍ വിരുദ്ധവുമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."