സഊദി പൊതുമാപ്പ് ദീര്‍ഘിപ്പിക്കില്ല: റമദാനിലും വിമാനത്താവള കൗണ്ടറുകള്‍ സദാ സമയവും പ്രവര്‍ത്തിക്കും
റിയാദ്: നിയമ ലംഘകര്‍ക്ക് സ്വന്തം നാട്ടിലേക്ക് തടസ്സം കൂടാതെ പോകുന്നതിനായി സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടുകയില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. റമദാന്‍ ഒടുവില്‍ അവസാനിക്കുന്ന പൊതുമാപ്പ് കാലയളവ് ദീര്‍ഘിപ്പിക്കുമെന്നു കരുതി ആരും പ്രതീക്ഷിക്കേണ്ടെന്നു മദീന പ്രവിശ്യ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ഹുവൈശ് പറഞ്ഞു. രാജ്യം മുഴുവന്‍ ശക്തമായ പരിശോധന നടത്തുമെന്നും നിയമ ലംഘകരില്ലാത്ത രാജ്യത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസാന സമയം അടുത്തതോടെ രാജ്യം വിടുന്ന നിയമ ലംഘകരായ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, റമദാന്‍ പ്രമാണിച്ചു എല്ലാ ഓഫിസുകളിലും സമയക്രമം ആറുമണിക്കൂറാക്കി ചുരുക്കിയെങ്കിലും പൊതുമാപ്പ് സമയം കണക്കിലെടുത്തു വിമാനത്താവളങ്ങളിലെയും അതിര്‍ത്തി കവാടങ്ങളിലെയും കൗണ്ടറുകള്‍ സദാ സമയവും പ്രവര്‍ത്തിക്കുമെന്നു അധികൃതര്‍ വ്യര്‍ത്ഥമാക്കി. ഹജ്ജ്, ഉംറ,വിസിറ്റ്, ട്രാന്‍സിറ്റ് വിസകളിലെത്തി നിയമ ലംഘകരായി മാറിയവര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടുമായും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കര അതിര്‍ത്തികളിയിലുമായി നേരിട്ടെത്തിയാണ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. റമദാന്‍ അവസാനിക്കുന്നതോടെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് മുഴു സമയ പ്രവര്‍ത്തനവുമായി അധികൃതര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."