എസ്.എഫ്.ഐ നേതാക്കളുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫിസുകള്‍: മുല്ലപ്പള്ളി
കോഴിക്കോട്: എസ്.എഫ്.ഐ നേതാക്കളുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫിസുകളായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പബ്ലിക് സര്‍വിസ് കമ്മിഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരുടെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫിസ് തുടങ്ങിയെന്ന നിലയിലായി കാര്യങ്ങളെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് എന്തുപറ്റിയെന്ന് ആലോചിക്കേണ്ടതുമുണ്ട്.
വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.സി പരീക്ഷയില്‍ ഒന്നാമനാണെന്നും സംഭവത്തെ കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി. ഇവരാണ് നഗരത്തിലെ അധോലോക നായകന്‍മാര്‍. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതും ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതും പഴയ എസ്.എഫ്.ഐ നേതാക്കളാണ്.
മുഖ്യമന്ത്രിക്ക് ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റ് തിരുത്തേണ്ടത്. ആന്തൂര്‍ വിഷയത്തില്‍ എ.കെ.ജി സെന്ററില്‍ തയാറാക്കിയ തിരക്കഥയാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ടായി ഇന്ന് സമര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം വേട്ടയാടുന്ന സാജന്റെ കുടുംബത്തിന് കോണ്‍ഗ്രസ് എല്ലാ സംരക്ഷണവും നല്‍കും.
സാജന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം.
സാജന്റെ വിധവ തനിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ കൊലകുറ്റപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കുടുംബത്തെ തളര്‍ത്തുന്ന അപവാദകഥകളുമായാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. ഇത് സ്വഭാവഹത്യയാണന്നും അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."