നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് ആയിരക്കണക്കിനു കോടി രൂപ തട്ടിപ്പുനടത്തി വിദേശത്തേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
അടുത്തിടെ നിലവില്‍ വന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഉത്തവുകള്‍ പുറപ്പെടുവിച്ചാണ് ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ നടപടി സ്വീകരിച്ചത്. ഇന്ത്യയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതില്‍ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ രണ്ടു അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടും. ലണ്ടനിലെ സ്വത്തുകള്‍, സിംഗപ്പൂര്‍ ബാങ്കിലെ അക്കൗണ്ടിലുള്ള പണം, മുംബൈയിലെ ഫ്‌ളാറ്റ്, ഇന്ത്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് കയറ്റിയയച്ച വജ്രം പതിച്ച ആഭരണങ്ങള്‍ എന്നിവയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും.
വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് മൂന്നു മാസം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അതത് രാജ്യങ്ങളിലെ കോടതികളുടെ അനുമതി ഇ.ഡി നേടിയെടുത്തത്. ഇതിനായി ഈ രാജ്യങ്ങളിലെ കോടതിയില്‍നിന്ന് ലെറ്റര്‍ റോഗറ്ററികള്‍ (ഒരു വിദേശരാജ്യത്തെ കോടതിയില്‍നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് നിയമം നടപ്പാക്കാന്‍ കഴിയുന്ന ഔദ്യോഗിക അപേക്ഷ) സംഘടിപ്പിച്ചു. ഈ നടപടിക്ക് അതത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായവും ഇ.ഡിക്കു കിട്ടി.
കണ്ടുകെട്ടിയ ന്യൂയോര്‍ക്കിലെ രണ്ടു അപ്പാര്‍ട്ടുമെന്റുകളുടെ വില 216 കോടിയാണ്. ലണ്ടനിലെ ഫ്‌ളാറ്റിന് 56.97 കോടി രൂപയും വില മതിക്കും.
23 ഷിപ്‌മെന്റുകളിലായി ഹോങ്കോങ്ങില്‍നിന്ന് ഇന്ത്യയിലെത്തിയ 22.69 കോടിയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സിംഗപ്പൂര്‍ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത് 44 കോടി രൂപയാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലുള്ള കമ്പനിയുടെ പേരിലുള്ളതായിരുന്നു അക്കൗണ്ട്. നീരവ് മോദിയുടെ സഹോദരി പുര്‍വിയും അവരുടെ ഭര്‍ത്താവ് മായിയങ്ക് മേത്തയുമാണ് ഈ അക്കൗണ്ട് കൈകാര്യംചെയ്യുന്നത്.
പുര്‍വിയുടെയും നിരവ് മോദിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയുടെ അഞ്ചു രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 278 കോടിയും കണ്ടുകെട്ടി. നീരവ് മോദിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഈ അക്കൗണ്ടുകളിലേക്കെല്ലാം പണം നിക്ഷേപിച്ചതെന്ന് നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. ദക്ഷിണ മുംബൈയിലെ കണ്ടുകെട്ടിയ ഫ്‌ളാറ്റിനു 19.5 കോടിയോളം വിലവരും.
ബാങ്ക് തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന നീരവ് മോദി അമ്മാവനും ജ്വല്ലറി വ്യവസായിയുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ ജനുവരിയിലാണ് രാജ്യം വിട്ടത്. നീരവ് ബ്രിട്ടണില്‍ അഭയത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബര്‍ബുദയുടെ പൗരത്വം നേടി അവിടെ കഴിയുകയാണ്.
ചോക്‌സിയെ കൈമാറാന്‍ ആന്റിഗ്വ ആന്‍ഡ് ബര്‍ബുദ അധികൃതര്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വ്യവസായിയായ നീരവ് മോദി 13,600 കോടിയാണ് പി.എന്‍.ബിയില്‍നിന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ 523 കോടി രൂപ വിലവരുന്ന 21 സ്ഥാവര ജംഗമവസ്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."