യൂനിവേഴ്‌സിറ്റി കോളജ് അക്രമം, മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും സര്‍വകലാശാല പരിശോധിച്ചേക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും കോളജിലെ 'ഇടിമുറി'യായ യൂനിയന്‍ ഓഫിസില്‍ നിന്നും ബണ്ടില്‍ കണക്കിന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മുന്‍ കാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ നേടിയ ഉന്നതവിജയം പരിശോധിക്കാന്‍ കേരള സര്‍വകലാശാല ആലോചിക്കുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിനെ കുറിച്ച് സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത്.
കോളജിലെ പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെയുള്ള ഇടത് യൂനിയനുകളില്‍പ്പെട്ട അധ്യാപകരുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും സഹായത്തോടെയാണ് പരീക്ഷാ പേപ്പര്‍ യൂനിവേഴ്‌സിറ്റി കോളജിനകത്തെ ഇടിമുറിയില്‍ എത്തിക്കുന്നതെന്ന് അരോപണം ഉയര്‍ന്നിരുന്നു.
കാലാകാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ചോദ്യപേപ്പര്‍ മുന്‍കൂറായി നല്‍കുകയും യൂനിയന്‍ ഓഫിസില്‍വച്ച് കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്‌തെന്ന മറ്റു വിദ്യാര്‍ഥികളുടെ ആരോപണമാണ് സര്‍വകലാശാല അന്വേഷിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നടത്താന്‍ പറ്റില്ലെന്നാണ് ഇവിടെ പഠിച്ച് ഉന്നതവിജയം നേടി സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും തലപ്പത്തുള്ള നേതാക്കള്‍ പറയുന്നത്. അന്വേഷിക്കുന്നതില്‍ വിരോധമില്ല. അത് മുന്‍കാല പ്രാബല്യത്തില്‍ വേണ്ട എന്ന നിലപാടിലാണ്. അടുത്ത സിന്‍ഡിക്കേറ്റില്‍ വിഷയം വരുമ്പോള്‍ ഇതിനെ എതിര്‍ക്കാനാണ് ഇവരുടെ തീരുമാനം. സര്‍വകലാശാല പരീക്ഷ നടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും. ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷക്ക് വിതരണം ചെയ്യേണ്ടതെങ്കില്‍ കോളജ് ജീവനക്കാരില്‍ വിദ്യാര്‍ഥി നേതാക്കളോട് അടുപ്പമുള്ളവര്‍ വിവരം കൈമാറും. തുടര്‍ന്ന് പേപ്പര്‍ ചോര്‍ത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ പേപ്പര്‍ ഓഫിസില്‍നിന്ന് എടുത്തു നല്‍കിയത് ജീവനക്കാരാണെന്ന് കേരള സര്‍വകലാശാല അധികൃതര്‍ സംശയിക്കുന്നു. ഇടതുസംഘടനയില്‍ സജീവമായ അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കുന്ന രീതിയും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലേതുള്‍പ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകള്‍ പരിശോധിക്കാന്‍ കൈയക്ഷരവും സീരിയല്‍ നമ്പറും പരിശോധിക്കാനാണ് കേരള സര്‍വകലാശാല തയാറെടുക്കുക. പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ഇതിന്റെ റജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമുള്ള സര്‍വകലാശാലയുടെ നിര്‍ദേശവും യൂനിവേഴ്‌സിറ്റി കോളജ് അധികൃതര്‍ പാലിക്കാറില്ല. വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാമെന്നുള്ളതാണ് ഇതിന്റെ സൗകര്യം. പരീക്ഷ കഴിഞ്ഞാല്‍ അന്നുതന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തിനല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."