വിമാനമേറി മുഖ്യമന്ത്രിയെ കണ്ടു; ദു:ഖങ്ങള്‍ മറന്ന് വയോധിക സംഘം
തിരുവനന്തപുരം: വയോജനദിനത്തില്‍ ഒരു വിനോദയാത്ര. അതും തൃശൂരില്‍നിന്ന് തലസ്ഥാനത്തേക്ക്. നഗരം ചുറ്റിക്കറങ്ങി മുഖ്യമന്ത്രിയേയും നേരില്‍ കണ്ടാണ് സംഘം മടങ്ങിയത്. തൃശൂര്‍ പറപ്പൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളം വയോധികരടങ്ങിയ വിനോദയാത്രാ സംഘത്തിന് ഇത് പുത്തന്‍ അനുഭവമായി. ഉറ്റവരില്‍നിന്നുള്ള അവഗണനയുടേയും ഒറ്റപ്പെടലിന്റേയും ദു:ഖങ്ങള്‍ ഉള്ളിലൊതുക്കി അവര്‍ ഹൃദയം തുറന്നു ചിരിച്ചു.
സര്‍ക്കാര്‍ വൃദ്ധമന്ദിരം ഉള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ വിവിധ അനാഥാലയങ്ങളില്‍ നിന്നെത്തിയവരാണ് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിയത്. തന്നെ സന്ദര്‍ശിക്കാനെത്തിയ വയോധിക സംഘത്തെ മുഖ്യമന്ത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ സ്വീകരിച്ചിരുത്തി. വലിയ ജീവിതാനുഭവങ്ങളുളള നിങ്ങളെ നേരില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘത്തില്‍ നൂറു വയസ് തികഞ്ഞ അടിമയെ മുഖ്യമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു. പി.കെ ബിജു എം.പി, മുന്‍ എം.എല്‍.എ എന്‍.ആര്‍ ബാലന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് സംഘം തൃശൂരില്‍നിന്ന് യാത്ര തിരിച്ചത്. കാഴ്ചബംഗ്ലാവ്, മ്യൂസിയം, സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം, പത്മനാഭസ്വാമി ക്ഷേത്രം, ശംഖുമുഖം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാത്രി ട്രെയിനിലായിരുന്നു ഇവരുടെ മടക്കം.
പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൃദ്ധര്‍ക്ക് പകല്‍ സമയത്ത് ഒത്തുകൂടാന്‍ പകല്‍വീടും താമസം നല്‍കി സംരംക്ഷിക്കുന്നതിനായി കാരുണ്യ ഭവനും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്റ് സി.ടി ചേറു, സെക്രട്ടറി പി.ഒ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് സി.വി മുകുന്ദന്‍, ട്രഷറര്‍ എ.കെ മുകുന്ദന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."