റോഹിംഗ്യകളെ നാടുകടത്തുന്നതിനെതിരേ സുപ്രിംകോടതിയില്‍ പുതിയ ഹരജി
ന്യൂഡല്‍ഹി: മ്യാന്‍മറിലെ ബുദ്ധ വംശീയവാദികളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ വംശജരെ നാടുകടത്തുന്നതിനെതിരേ സുപ്രിംകോടതിയില്‍ പുതിയ ഹരജി. അസമിലെ സില്‍ചാര്‍ ജയിലില്‍ കഴിയുന്ന ഏഴ് റോഹിംഗ്യകളാണ് ഹരജിക്കാര്‍.
നിയമവിരുദ്ധ കുടിയേറ്റക്കാരെന്നാരോപിച്ച് ഈ മാസം നാലിന് ഇവരെ മ്യാന്‍മറിലേക്കു നാടുകടത്താനിരിക്കുകയാണ്. അതിര്‍ത്തി കടക്കുന്നതിനിടെ 2012ലാണ് ഇവര്‍ പിടിയിലായത്. അന്നു മുതല്‍ ഇവര്‍ അസമിലെ തടങ്കല്‍ ക്യാംപുകളില്‍ കഴിയുകയാണ്. അഭയാര്‍ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യാന്തര മര്യാദയുടെ ലംഘനമാണ് നാടുകടത്താനുള്ള സര്‍ക്കാരിന്റെ നടപടിയെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. റോഹിംഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് യു.എന്‍ അഭയാര്‍ഥി പട്ടികയിലുള്ള മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ശാക്കിറും സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചുവരികയാണ്. ഈ കേസിലെ മുഖ്യ ഹരജിക്കാരനായ മുഹമ്മദ് സലീമുല്ല മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന മ്യാന്‍മറിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം റോഹിംഗ്യകളുടെ പുനരധിവാസത്തിനു യോജിച്ചതല്ല. അതിനാല്‍ ഏഴു പേരെയും നാടുകടത്താനുള്ള നീക്കം റദ്ദാക്കുകയോ മ്യാന്‍മറിലെ സ്ഥിതിഗതികള്‍ സാധാരണ നില കൈവരിക്കുന്നതുവരെ നീട്ടിവയ്ക്കുകയോ വേണം. ഇന്ത്യയില്‍ നിലവില്‍ യു.എന്‍ അഭയാര്‍ഥി കാര്‍ഡ് ഇല്ലാത്ത മുഴുവന്‍ റോഹിംഗ്യകള്‍ക്കും അഭയാര്‍ഥി പദവി നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും ഹരജിയിലുണ്ട്.
റോഹിംഗ്യന്‍ വംശജര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. റോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."