ജിദ്ദയിൽ എണ്ണ ടാങ്കറിന് നേരെ നടന്ന സ്ഫോടനം ഭീകരാക്രമണമായിരുന്നെന്ന് സ്ഥിരീകരിച്ച് സഊദി
റിയാദ്: സഊദിയിൽ വിദേശ എണ്ണ ടാങ്കറിന് നേരെ നടന്ന സ്ഫോടനം ഭീകരക്രമണമായിരുന്നെന്ന് സഊദി. ഊര്‍ജ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദ തുറമുഖത്ത് ഇന്ധന കപ്പലിനു നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ച പുലർച്ചെയോടെ ജിദ്ദ തുറമുഖത്ത് തങ്ങളുടെ ബി ഡബ്ലിയു റൈൻ കപ്പലിനെ നേരെ അജ്ഞാത സ്ഫോടനം നടന്നതായി സിംഗപ്പൂർ ആസ്ഥാനമായുള്ള ടാങ്കർ കമ്പനി ഹഫ്നിയയാണ് ആദ്യം പുറത്ത് വിട്ടത്. സ്ഫോടനത്തെ തുടർന്ന് തീപിടുത്തവും ഉണ്ടായതായും ടാങ്കർ ജീവനക്കാർ തീ അണച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചിരുന്നു. കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും കപ്പലിൽ നിന്ന് എണ്ണ ചോർച്ചക്ക് സാധ്യതയുണ്ടെന്നും പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ, വൈകീട്ടാണ് സഊദി ഊർജ്ജ മന്ത്രാലയം ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുകയോ ആരാണ് ഇതിന് പിന്നിലെന്ന് സഊദി ആരോപിക്കുകയോ ചെയ്തിട്ടില്ല.
വിനാശകരമായ ഇത്തരം ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതും ഇത്തരം ആക്രമണങ്ങള്‍ നടത്തുകയും അവയെ പിന്തുണക്കുകയും ചെയ്യുന്ന മുഴുവന്‍ ഭീകര സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതും എക്കാലത്തെക്കാളും കൂടുതല്‍ അനിവാര്യമായി മാറിയിട്ടുണ്ടെന്നും ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
80,000 ടൺ ലൈറ്റ്, മിഡിൽ ഡിസ്റ്റിലേറ്റ് എണ്ണ ഉൽപ്പന്നങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ബി ഡബ്ലിയു റൈൻ എണ്ണ ടാങ്കർ. അന്താരാഷ്ട്ര കപ്പൽ ഡാറ്റ കണക്കുകൾ പ്രകാരം ഡിസംബർ ആറിന് ജിദ്ദക്കടുത്ത യാമ്പു പോർട്ടിൽ നിന്ന് 60,000 ടൺ പെട്രോളിയം കയറ്റിയതയാണ് കാണിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ആകെ ശേഷിയുടെ 84 ശതമാനം വരുമിത്.
നേരത്തെയും സഊദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെയും വിദേശ എണ്ണ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും അക്രമണങ്ങളുടെ ഉത്തരവാദിത്വം യമനിലെ ഇറാൻ അനുകൂല ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ശുഖയ്ഖ് ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുള്ളിലാണ് വീണ്ടും എണ്ണ സംവിധാനത്തിന് നേരെ ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."