ഹിന്ദുത്വ ബുദ്ധിജീവികളെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശ്രമം
ന്യൂഡല്‍ഹി: രാജ്യത്തെ ബൗദ്ധികരംഗത്തെ ഇടതുപക്ഷ സ്വാധീനത്തെ നേരിടാനായി സംഘ്പരിവാരം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 300ഓളം പേര്‍ക്കുള്ള ദ്വിദിന ശില്‍പശാല ഡല്‍ഹിയില്‍ ആരംഭിച്ചു. ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ ഹിന്ദുത്വ ആശയരൂപീകരണം സൃഷ്ടിക്കുകയുമാവും ഇവരുടെ ജോലി. അറിയപ്പെട്ട സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റുകള്‍, സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പരിചയസമ്പന്നരായ പത്രപ്രവര്‍ത്തകര്‍, ബ്ലോഗര്‍മാര്‍ തുടങ്ങി 300 ഓളം പേരാണ് ക്ഷണിതാക്കള്‍.
ഇവരെ ഹിന്ദുത്വ ആശയപ്രചാരകരോ നയരൂപീകരണവിദഗ്ധരോ ആക്കുകയാണ് രണ്ടുദിവസത്തെ ശില്‍പശാലയുടെ ലക്ഷ്യം. ആര്‍.എസ്.എസ്സിനു കീഴിലുള്ള ചിന്താസ്ഥാപനമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടഷന്റെ അഭിമുഖ്യത്തില്‍ നടന്ന പരിപാടി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനംചെയ്തു. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ പരിപാടിയുടെ വിഷയം 'പുതിയ ഇന്ത്യയില്‍ ബദല്‍ ആഖ്യാനത്തിനും ആശയത്തിനുമുള്ള സ്വീകാര്യത' എന്നതാണ്. ആര്‍.എസ്.എസ്സിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്, രാജ്യസഭാംഗങ്ങളായ വിനയ് സഹസ്ത്രബുദ്ദെ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത എന്നിവരും നിതി അയോഗിലെ സംഘ്പരിവാര അനുഭാവികളായ അംഗങ്ങളും ശില്‍പശാലയില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യംചെയ്യും. ആര്‍.എസ്.എസ്സിന്റെ വ്യക്തിത്വവികസന സമിതിയുടെ മേധാവികൂടിയാണ് വിനയ് സഹസ്ത്രബുദ്ദെ. ഇന്ന് ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറിയുടെ പ്രഭാഷണത്തോടെയാവും ശില്‍പശാല അവസാനിക്കുക.
രോഹിത് വെമുലയുടെ ആത്മഹത്യാ വിഷയത്തില്‍ മാധ്യമങ്ങളെടുത്ത നിലപാടുകള്‍, വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയത് എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കുന്നതില്‍ സംഘ്പരിവാര ബുദ്ധിജീവികള്‍ പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ വാര്‍ഷിക ജനറല്‍ ബോഡിയിലെ പ്രധാന വിഷയങ്ങളിലൊന്ന് രാജ്യത്തെ ബൗദ്ധികരംഗത്തെ മേധാവിത്വവും ദലിതുകളിലേക്ക് ഇറങ്ങിച്ചെല്ലലുമായിരുന്നു. എന്നാല്‍, അടുത്തിടെ ഗുജറാത്തില്‍ പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും മായാവതിക്കെതിരായ ബി.ജെ.പി നേതാവിന്റെ വംശീയ അധിക്ഷേപവും ആ വിഭാഗത്തിലേക്ക് അടുക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നു. മാധ്യമ- ബൗദ്ധിക മേഖലകളില്‍ സ്വാധീനം ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ ഉപകാരപ്പെടുമായിരുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം വലിയ ഭീഷണിയല്ലെങ്കിലും സാമൂഹിക- സാംസ്‌കാരിക രംഗത്തെ സ്വാധീനിക്കുന്നതില്‍ അവര്‍ വിജയിച്ചതായും ആര്‍.എസ്.എസ് കരുതുന്നു.
നിലവില്‍ രാജ്യത്തെ അറിയപ്പെട്ട ഏതാണ്ടെല്ലാ പ്രമുഖ ബുദ്ധിജീവികളും എഴുത്തുകാരും ചരിത്രകാരന്‍മാരും ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. അവരുടെ നിലപാടുകളാവട്ടെ സംഘ്പരിവാരം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കുമെതിരുമാണ്. അസഹിഷ്ണുതയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിരോധിക്കാനോ സര്‍ക്കാര്‍ വിമര്‍ശകരായ ഇടതുബുദ്ധിജീവികള്‍ക്കു മറുപടി നല്‍കാനോ ശേഷിയുള്ള വിഭാഗത്തിന്റെ കുറവ് സംഘ്പരിവാര കേന്ദ്രങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുമുണ്ട്. ഈയൊരു കുറവ് നികത്തണമെന്നത് ഏറെയായി ആര്‍.എസ്.എസ്സിന്റെ മുന്നിലുള്ള പ്രധാന അജന്‍ഡയാണ്. ഈയൊരുസാഹചര്യത്തിലാണ് ആര്‍.എസ്.എസ് മുന്‍കൈയെടുത്തു ശില്‍പശാല സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."