അഫ്ഗാനില്‍ ഒരു ജില്ലകൂടി താലിബാന് പിടിച്ചു
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ ഒരു ജില്ല താലിബാന് പിടിച്ചെടുത്തു. കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് പ്രദേശത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍സേനയ്ക്ക് നഷ്ടമായത്. ഏറ്റുമുട്ടലില്‍ 17 പൊലിസുകാര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പൊലിസ് ചെക്ക്പോസ്റ്റുകള്‍ക്ക് നേരെ വ്യാപകആക്രമണം അഴിച്ചുവിട്ടാണ് താലിബാന് നഗരത്തില്‍ പ്രവേശിച്ചതെന്ന് ഹെല്‍മന്ദ് പ്രവിശ്യാ കൗണ്‍സില്‍ ഡയറക്ടര്‍ കരീം അട്ടല്‍ പറഞ്ഞു.
കനാഷിന് ജില്ലയാണ് താലിബാന് പിടിച്ചെടുത്തത്. അഫ്്ഗാനിലെ പ്രധാന പ്രവിശ്യകളില്‍ ഒന്നാണ് ഹെല്‍മന്ദ്. പോപ്പിച്ചെടികള്‍ ധാരാളമായി വളരുന്ന പ്രദേശമാണിത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് താലിബാന്റെ നിയന്ത്രണത്തിലായത്. ഹെല്‍മന്ദ് പ്രവിശ്യയുടെ 60 ശതമാനവും താലിബാന്റെ കീഴിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജില്ല തിരിച്ചുപിടിക്കാന്‍ സൈന്യം ശ്രമിക്കുന്നുണ്ട്.
എല്ലാ ചെക്ക്പോസ്റ്റുകളും താലിബാന് തകര്‍ത്തതിനാല്‍ ഈ ശ്രമം വിഷമകരമാണെന്ന് പ്രവിശ്യാഭരണകൂടം പറഞ്ഞു. ഏതാനും മാസങ്ങളായി പ്രാന്തപ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ നിന്ന് പൊലിസുകാരുടെ എണ്ണം കുറച്ചിരുന്നു. ഇതാണ് താലിബാന് ആക്രമണത്തിന് ആക്കം കൂട്ടിയത്. പ്രദേശവാസികള്‍ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."