തോക്കുചൂണ്ടി കവര്‍ച്ച: പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
ഓമശേരി: ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തി രക്ഷപ്പെട്ട രണ്ടുപ്രതികളും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം രാവിലെ പ്രതികളിലൊരാളുടെ ഫോണ്‍ ഓണ്‍ ചെയ്ത സമയത്ത് ടവര്‍ ലൊക്കോഷന്‍ കോഴിക്കോട്ടായിരുന്നു. വൈകാതെ ഓഫാക്കിയ ഈ ഫോണ്‍ പിന്നീട് ഓണ്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പിടിയിലാകാനുള്ള പ്രതികളായ ഹര്‍ഷത്തലിക്കും മൂന്നാമനും വേണ്ടി പൊലിസ് ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇരുവരും സംസ്ഥാനം വിട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
അതിനിടെ സംഘം തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്നതിനിടെ ഓമശേരി ശാദി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ സാഹസികമായി പിടികൂടിയ പ്രതികളിലൊരാളായ നഈം അലി(25)യെ ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കവര്‍ച്ചാ സംഘത്തിലെ മൂന്നുപേരും ബംഗ്ലാദേശ് സ്വദേശികളെന്നു പൊലിസ് സ്ഥിരീകരിച്ചിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന പൂളപ്പൊയിലിലെ മുറിയില്‍ കഴിഞ്ഞദിവസം തന്നെ പരിശോധന നടത്തിയിരുന്നു. ഇതില്‍നിന്നാണ് പ്രതികള്‍ ബംഗ്ലാദേശുകാരെന്ന് സ്ഥിരീകരിച്ചത്. പ്രതികള്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡ് മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് സംഘം കരസ്ഥമാക്കിയതെന്നാണ് സൂചന.
ജ്വല്ലറിയില്‍ കഴിഞ്ഞദിവസം ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തിരുന്നു. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചതായി സൂചനയുണ്ട്. ജ്വല്ലറിക്കകത്തുനിന്ന് മണംപിടിച്ച പൊലിസ് നായ പ്രതികളിലൊരാള്‍ ഓടിരക്ഷപ്പെട്ട ഭാഗത്തേക്ക് ഏറെദൂരം പോയിനിന്നിരുന്നു.
ശനിയാഴ്ച രാത്രി 7.25-നാണ് മൂവര്‍ സംഘം ജ്വല്ലറിയിലെത്തി തോക്കുചൂണ്ടി കവര്‍ച്ച നടത്തിയത്. സംഘത്തിലെ ഒരാളെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജ്വല്ലറിയില്‍നിന്ന് 100 ഗ്രാം തൂക്കംവരുന്ന ആഭരണങ്ങളുമായി രണ്ടുപേര്‍ ഇതിനിടെ കടന്നുകളഞ്ഞു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹനാണ് കേസന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."