കേരളത്തിലേക്ക് രണ്ട് ടണ്‍ റേഷനരി കടത്താന്‍ ശ്രമം; നാലുപേര്‍ പിടിയില്‍
ഊട്ടി: നീലഗിരിയിലെ കോത്തഗിരിയില്‍ നിന്നും രണ്ട് ടണ്‍ റേഷനരി കടത്താന്‍ ശ്രമിച്ച ഗൂഡല്ലൂര്‍, പന്തല്ലൂര്‍ സ്വദേശികളായ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കുന്നൂര് റോഡില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി റേഷനരി കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോത്തഗിരി പൊലിസാണ് ഇവരെ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്.
പിടിയിലായത് ഗൂഡല്ലൂര്‍ സ്വദേശികളായ ദൗലത്ത്(28), ശിഹാബുദ്ദീന്(34), പന്തല്ലൂര്‍ സ്വദേശി ബാദുഷ(19), നാടുകാണി സ്വദേശി വിഗ്നേശ്വരന്(43) എന്നിവരാണ്.
ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ ഗൂഡല്ലൂരിന് സമീപം കോഴിപ്പാലത്തെ രാജയാണെന്നും പൊലിസ് പറഞ്ഞു.
റേഷന്‍ കടയില്‍ നിന്ന് 33 ചാക്കുകളിലായി രണ്ട് ടണ്‍ അരിയാണ് ഇവര്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ നാല് പേരെയും അവര്‍ സഞ്ചരിച്ചിരുന്ന കാര്‍, അരി കൊണ്ടു പോകുവാന്‍ ഉപയോഗിച്ച ലോറി എന്നിവ കസ്റ്റഡിയിലെടുത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എസ്.ഐമാരായ ഗൗതമന്, നസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."