അവസാന വിമാനത്തിലുള്ളവര്‍ക്ക് ക്യാംപ് രജിസ്‌ട്രേഷന്‍ സമയമായി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ അവസാന ദിനമായ ഞായറാഴ്ച ഹജ്ജിന് പോകുന്ന നാലുവിമാനങ്ങളിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സമയം നല്‍കി.
20നുളള ആദ്യവിമാനത്തില്‍ പോകുന്നവര്‍ ശനിയാഴ്ച രാവിലെ 7 മണിക്കും 9നും ഇടയില്‍ ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ടാമത്തെ വിമാനത്തിലെ തീര്‍ഥാടകര്‍ രാവിലെ 9നും 11 നും ഇടയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. മൂന്നാമത്തെ വിമാനത്തില്‍ പോകുന്നവര്‍ ഉച്ചകഴിഞ്ഞ് 3നും വൈകുന്നേരം 5നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യണം.
അവസാന വിമാനത്തില്‍ പുറപ്പെടുന്നവര്‍ വൈകുന്നേരം 5നും 7നുമിടയിലാണ് ഹജ്ജ് ക്യാംപില്‍ എത്തേണ്ടെതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അവസാന ദിവസം നാലുവിമാനങ്ങളിലായി 1200 തീര്‍ഥാടകരാണ് ഹജ്ജിന് പോകുന്നത്.
ഇനി 12 വിമാനങ്ങള്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂരില്‍നിന്ന് ഇനി 12 വിമാന സര്‍വിസുകള്‍ കൂടി. ഇന്ന് മൂന്നു വിമാനങ്ങളും നാളെ രണ്ടുവിമാനങ്ങളും പുറപ്പെടും. 18ന് ഒരു വിമാനമാണ് സര്‍വിസിനുളളത്. 19ന് രണ്ടും അവസാന ദിനമായ 20ന് നാലുവിമാനങ്ങളും സര്‍വിസ് നടത്തും. കഴിഞ്ഞ 7നാണ് ഹജ്ജ് സര്‍വിസുകള്‍ ആരംഭിച്ചത്. 20 വരെ 37 സര്‍വിസുകളാണ് സഉദി എയര്‍ലെന്‍സ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
കരിപ്പൂരില്‍ ഇന്നലെ രണ്ടുവിമാനങ്ങളിലായി 600 തീര്‍ഥാടകര്‍ യാത്രയായി. ഇവരില്‍ 285 പുരുഷന്മാരും 315 സ്ത്രീകളുമായിരുന്നു.
നെടുമ്പാശേരിയില്‍നിന്ന്
680 പേര്‍ കൂടി
മദീനയിലെത്തി
നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍നിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 680 തീര്‍ഥാടകര്‍ കൂടി ഇന്നലെ മദീനയിലെത്തി. 340 പേരുമായി എഐ 5181 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്കും എഐ 5183 നമ്പര്‍ വിമാനം വൈകിട്ട് 5.35 നുമാണ് പുറപ്പെട്ടത്. 1360 തീര്‍ഥാടകര്‍ കൂടിയാണ് ഇനി നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയന്റില്‍നിന്നു യാത്ര തിരിക്കാനുള്ളത്. ഇന്നു പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലെ തീര്‍ഥാടകര്‍ ഇന്നലെ വൈകിട്ടോടെ ഹജ്ജ് ക്യാംപില്‍ എത്തി. തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ജനപ്രതിനിധികളടക്കം നിരവധി പ്രമുഖരാണ് ഹജ്ജ് ക്യാംപിലെത്തിയത്.
എം.പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ്, വി.കെ ശ്രീകണ്ഠന്‍, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസറുമായ ജാഫര്‍ മാലിക് ഐ.എ.എസ് തുടങ്ങിയവര്‍ ഇന്നലെ നെടുമ്പാശേരിയിലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് യാത്രമംഗളങ്ങള്‍ നേര്‍ന്നു.
സംഘത്തില്‍
45 ദിവസം പ്രായമായ
തീര്‍ഥാടകയും
നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്നും ഇന്നലെ യാത്ര തിരിച്ച സംഘത്തില്‍ 45 ദിവസം മാത്രം പ്രായമായ കുഞ്ഞ് തീര്‍ഥാടകയും. എടത്തല സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍- അല്‍ഫിയ ദമ്പതികളുടെ മകള്‍ ആദില മര്‍ജാനാണ് ഇന്നലെ യാത്രയായ സംഘത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 5 മണിക്ക് പുറപ്പെട്ട എ. ഐ 5183 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മാതാപിതാക്കളോടൊപ്പം പുണ്യഭൂമിയിലേയ്ക്ക് യാത്ര തിരിച്ച ആദില ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകയാണ്. കൊച്ചിയില്‍ നിന്ന് രണ്ടു വയസില്‍ താഴെയുള്ള മൂന്ന് കുട്ടികളാണ് ഇത്തവണ തീര്‍ഥാടകരുടെ പട്ടികയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."