മരട് കേസ് ജനുവരി മൂന്നാംവാരത്തിലേക്ക് മാറ്റി
ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
കേസില്‍ വിശദ വാദം കേള്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നഷ്ടപരിഹാരം നല്‍കാന്‍ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് കോടതി പ്രധാനമായും പരിഗണിക്കുക.
ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നും ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു ചെലവായ 3.24 കോടി രൂപയും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാര വിതരണത്തിന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കേണ്ട 61.5 കോടി രൂപയില്‍ ഇതുവരെ നല്‍കിയത് അഞ്ച് കോടി രൂപയില്‍ താഴെ മാത്രമാണെന്ന് ജ. ബാലകൃഷ്ണന്‍ നായര്‍ സമിതി റിപ്പോര്‍ട്ടിലുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."