ഹോര്‍ട്ടികോര്‍പുമായുള്ള പച്ചക്കറി ഇടപാട് സുതാര്യമെന്ന് കര്‍ണാടകയിലെ കമ്പനി
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പിന് പച്ചക്കറി വില്‍ക്കുന്നത് സുതാര്യമായാണെന്ന് കര്‍ണാടകയിലെ മൈസൂരുവിലുള്ള റെയ്ത്തമിത്ര ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെയും അവരുടെ പിതാവ് ടി.വി ഗോപിനാഥിന്റെയുമൊക്കെ പേര് ഈ ഇടപാടുമായി ബന്ധപ്പെട്ട് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും കമ്പനി ചെയര്‍മാന്‍ കുറുബൂര്‍ ശാന്തകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്പനി ഡയരക്ടര്‍മാരില്‍ ഒരാളും സാങ്കേതിക ഉപദേഷ്ടാവും മാത്രമാണ് ഗോപിനാഥ്. കര്‍ഷക കൂട്ടായ്മയില്‍ മികച്ച ഗുണനിലവാരമുള്ള വിളകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണിത്. ഇടനിലക്കാരില്ലാതെ വില്‍പന നടത്തുന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്കു സാധിക്കുന്നു. കേരളത്തിലെ ഒരു കാര്‍ഷിക പ്രസിദ്ധീകരണത്തില്‍ കമ്പനിയെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ എ.പി.എംസിയുടെ വെബ്‌സൈറ്റിലും കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
ഇങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍നിന്നുള്ള ഹോര്‍ട്ടികോര്‍പ് അധികൃതര്‍ കമ്പനിയെ സമീപിച്ചത്. അവര്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മറ്റും പച്ചക്കറി ഉല്‍പാദന കമ്പനികളുടെ വിവരങ്ങളും പരിശോധിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ താരതമ്യ പഠനം നടത്തിയപ്പോള്‍ റെയ്ത്തമിത്ര കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഏറ്റവും വിലക്കുറവുള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയില്‍നിന്ന് പച്ചക്കറി വാങ്ങാന്‍ തീരുമാനിച്ചത്. ഹോര്‍ട്ടികോര്‍പ് ഡയരക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് കമ്പനിയുമായി കച്ചവടം ഉറപ്പിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉല്‍പന്നങ്ങള്‍ നല്‍കാന്‍ ഗോപിനാഥ് വഴി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയ്ത്തമിത്ര കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ചെര്‍ന്ന് വില്‍പന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് പ്രതിനിധികള്‍ മൈസൂരുവില്‍ വന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഉല്‍പാദന രീതികളും വിശദമായി പരിശോധിച്ച ശേഷമാണ് ഇടപാടു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ടെന്‍ഡര്‍ നല്‍കിയല്ല കച്ചവടം.
ദിനംപ്രതി വിലയില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ കച്ചവടം നടത്താനാവില്ല. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം എ.പി.എംസിയുടെ വെബ്‌സൈറ്റില്‍ വരുന്നുണ്ട്. ഈ ഇടപാടുവഴി കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ എട്ടു ലക്ഷം രൂപയെങ്കിലും ഹോര്‍ട്ടികോര്‍പിനു ലാഭമുണ്ടായിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. കര്‍ണാടകയില്‍ കമ്പനിക്കു കീഴിലെ കൂട്ടായ്മയില്‍ അംഗങ്ങളായ കര്‍ഷകരെ സ്വയംപര്യാപ്തരാക്കാന്‍ പ്രയത്‌നിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്തും വളങ്ങളും കീടനാശിനികളും ന്യായവിലയ്ക്കു നല്‍കുന്നു. ആര്‍ക്കു വേണമെങ്കിലും മൈസൂരുവില്‍ വന്ന് കമ്പനിയുടെ പ്രവര്‍ത്തനം പരിശോധിക്കാമെന്നും ശാന്തകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."