അതിക്രമങ്ങള്‍ക്കെതിരേ പുതുതലമുറ കോട്ടയായി മാറട്ടെ
നമ്മുടെ രാജ്യത്തിന്റെ അഭിമാനം ലോകമെമ്പാടും സ്വന്തം ജീവിതസന്ദേശത്തിലൂടെ പ്രചരിപ്പിച്ച മികച്ച ശാസ്ത്രജ്ഞനും മുന്‍ രാഷ്ടപതിയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അനുസ്മരണചടങ്ങുകള്‍ ജൂലായ് 27 നു രാജ്യമെമ്പാടും നടന്നു. അദ്ദേഹം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ പ്രചോദനത്തിന്റെ കാഴ്ചകള്‍ ഭാവിതലമുറയ്ക്കു മാതൃകയാകാന്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
2020 നു മുമ്പായി രാജ്യം എല്ലാമേഖലകളിലും മുന്‍നിരയിലേയ്ക്ക് എത്തണമെന്ന് അദ്ദേഹം സ്വപ്നംകണ്ടിരുന്നു. ദശലക്ഷം വരുന്ന യുവതീയുവാക്കള്‍ മാതൃകാ ജീവിതത്തിലൂടെ രാജ്യത്തിനു മുതല്‍ക്കൂട്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതെല്ലാം പ്രവാര്‍ത്തികമാകുന്ന തരത്തിലേയ്ക്കാണോ കാര്യങ്ങള്‍ പോകുന്നത്.
നാളത്തെ ഇന്ത്യ ഇന്നത്തെ യുവതലമുറയുടെ കൈകളിലാണെന്നു പറയുമ്പോഴും രാജ്യത്തു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണെന്നതാണു സത്യം. കുട്ടികള്‍ക്കെതിരായ അക്രമത്തില്‍ കഴിഞ്ഞ വര്‍ഷത്തിനിടയില്‍ 53 ശതമാനം വര്‍ദ്ധനവുണ്ടായി എന്നു കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് ഓര്‍ക്കുക. ഈ വാക്കുകള്‍ മാത്രം മതി രാജ്യത്തു കുട്ടികളുടെ അവസ്ഥ എവിടെയെത്തിനില്‍ക്കുന്നുവെന്നു മനസിലാക്കാന്‍.
ബാലവേല, ഗാര്‍ഹികപീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ 58,224 കേസുകളാണു 2013 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2016 ലെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതു മധ്യപ്രദേശിലാണ്. അവിടെ 15,085 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 14,835 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉത്തര്‍പ്രദേശ് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഏറ്റവും കുറവു ലക്ഷദീപിലാണ്. ഒരു കേസു മാത്രം.
കേരളത്തിലെ സ്ഥിതി വേദനാജനകമാണ്. സ്വന്തം കുട്ടിയെ ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിക്കുന്നതും വിദ്യയഭ്യസിക്കാനെത്തുന്ന കുട്ടികളെ ക്ലാസ് റൂമില്‍വച്ചു പീഡിപ്പിക്കുന്നതും ദിവസേന പത്രമാധ്യമങ്ങളിലൂടെ കാണേണ്ടിവരുന്നു. നിരവധി നിയമങ്ങളും കമ്മിഷനുകളും ഇതുമായി ബന്ധപ്പെട്ടു നിലവിലുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണിവിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും പെരുകുന്നത്. പുകവലി, മയക്കുമരുന്ന്, മദ്യപാനം എന്നിവയ്ക്ക് അടിമയായി നടത്തുന്ന ഈ അതിക്രമങ്ങളില്‍ എല്ലാ മേഖലയിലും പെട്ടവരുണ്ട്. സംസ്‌കാരത്തിന്റെ പ്രകാശഗോപുരമായി ഉയര്‍ന്നുനില്‍ക്കുന്നുവെന്നു പറയുന്ന ഇന്ത്യാമഹാരാജ്യത്തിന് അപമാനമാണ് ഈ പീഡനസംഭവങ്ങളെല്ലാം. നാടിനെക്കുറിച്ച് അഭിമാനിച്ചാല്‍ മാത്രം പോരാ, അഭിമാനക്കാവുന്ന തരത്തിലേയ്ക്കു നാടിനെ മാറ്റിയെടുക്കുകയും വേണം.
മറ്റു പല രാജ്യങ്ങളിലും കുട്ടികളുടെ പരിചരണത്തിനുവേണ്ടി നിരവധിനിയമങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തിലുള്ള ബോധവത്ക്കരണവുമുണ്ട്. കുട്ടികളുടെ ഭാവിയാണു രാജ്യത്തിന്റെ മുമ്പോട്ടുള്ള പാതയെ നിര്‍ണ്ണയിക്കുന്നതെന്നു മനസിലാക്കിയാണ് ആ രാജ്യങ്ങളുടെ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. നോര്‍വെയില്‍ 2012 ല്‍ ഉണ്ടായ ഒരു സംഭവം ഓര്‍മവരുന്നു. പശ്ചിമബംഗാളില്‍നിന്നുള്ള സാഗരിക, ഭട്ടാചാര്യ ദമ്പതികളെ നോര്‍വെയിലെ പൊലിസ് അറസ്റ്റു ചെയ്തു ഫോസ്റ്റര്‍ഹോമിലേയ്ക്കു മാറ്റി. അവര്‍ സ്വന്തം കുട്ടികളെ ശരിയായ രീതിയില്‍ പരിചരിച്ചില്ല എന്നതായിരുന്നു കാരണം.
കുട്ടികള്‍ക്ക് രണ്ടും അഞ്ചും വയസായിരുന്നു പ്രായം. രക്ഷിതാക്കള്‍ കുട്ടികള്‍ക്കു ഭക്ഷണംനല്‍കിയതു സ്പൂണിനു പകരം കൈകള്‍ ഉപയോഗിച്ചാണെന്നതായിരുന്നുവെന്നും രാത്രികാലങ്ങളില്‍ കുട്ടികളെ പ്രത്യേകം പാര്‍പ്പിക്കണമെന്നു നിയമമുണ്ടായിട്ടും മാതാപിതാക്കളോടൊപ്പം കിടക്കയില്‍ ഉറക്കിയെന്നുമായിരുന്നു കുറ്റം. ഈ കുറ്റത്തിനാ ണ് അറസ്റ്റുചെയ്തതെന്നാണ് അവിടത്തെ സാമുഹീകനീതി മന്ത്രാലയം അന്നു നമ്മുടെ പ്രധാനമന്ത്രിക്കു നല്‍കിയ വിശദീകരണം.
നമ്മുടെ രാജ്യത്ത് ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും നോര്‍വേ സര്‍ക്കാര്‍ അവരുടെ നിയമത്തില്‍ അയവുവരുത്താന്‍ തയ്യാറായില്ല. നോര്‍വെ കോടതി കുട്ടികളെ അമ്മാവന്റെ പക്കലാണു പ്രത്യേക ഉടമ്പടി പ്രകാരം ഏല്‍പ്പിച്ചത്. ഇങ്ങനെയായിരിക്കണം നിയമങ്ങള്‍ നടപ്പാക്കേണ്ടത്. ഒരുപക്ഷേ, നമ്മുടെ സംസ്‌കാരത്തിന്റെ രീതിയിലാണ് ദമ്പതികള്‍ ആ രാജ്യത്ത് ജീവിച്ചിരുന്നതെങ്കിലും അവിടുത്തെനിയമം പാലിക്കപ്പെടേണ്ടത് ആ രാജ്യത്തു ജീവിക്കുമ്പോള്‍ അനിവാര്യതയാണ്.
കഴിഞ്ഞദിവസം ബാലവേല നിരോധന നിയമഭേദഗതി പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ടു. ഇതനുസരിച്ചു നിലവിലുള്ള തടവും പിഴയും ഇരട്ടിയാക്കി. നിയമങ്ങളെത്രയുണ്ടാക്കിയാലും അവ എന്തുമാത്രം കുട്ടികള്‍ക്കെതിരെ നടത്തപ്പെടുന്ന അതിക്രമങ്ങള്‍ക്കു ചങ്ങലയിടാന്‍ ഉപകരിക്കുമെന്നുള്ളതു കണ്ടറിയേണ്ടിയിരിക്കുന്നു. പാകിസ്താനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുംവേണ്ടി പോരാടുവാന്‍ തുനിഞ്ഞപ്പോള്‍ മലാല യൂസഫ് സായിക്കെതിരേ 2012 ല്‍ താലിബാന്‍ തീവ്രവാദികളുടെ അക്രമണമുണ്ടായി.
അന്നുവെറും 16 വയസുമാത്രം പ്രായമുള്ള ആ പെണ്‍കുട്ടി ആ ആക്രമണത്തെ ധീരമായി നേരിട്ടു. താലിബാന്‍ പോലെയുള്ള ശക്തമായ തീവ്രവാദികള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പോരാടി വരുന്നത് എല്ലാ കുട്ടികള്‍ക്കും മാതൃകയാണ്. ഒരു കുട്ടി, ഒരു പുസ്തകം , ഒരു അദ്ധ്യാപിക, ഒരു പേന ഉണ്ടെങ്കില്‍ ഈ ലോകം മാറ്റിമറിക്കുവാന്‍ സാധിക്കുമെന്നാണ് ഈ കുട്ടി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്.
2014 ല്‍ നോബല്‍ സമ്മാനം നേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ വ്യക്തിയായി മാറുകയും ചെയ്തു. 2014 ജൂലൈ 12 മുതല്‍ മലാല ദിനമായും ലോകം ആചരിക്കുന്നു. മലാലയെപ്പോലെ നമ്മുടെ കുട്ടികള്‍ മാറുവാന്‍ സാധിച്ചാല്‍ നിയമങ്ങള്‍ നിയമഭേദഗതികള്‍ നമ്മുടെ രാജ്യത്ത് ആവശ്യമായി വരില്ല. അതിക്രമങ്ങള്‍ക്ക് അന്ത്യമുണ്ടെന്ന് ആ ദിവസങ്ങളില്‍ രാജ്യം തിരിച്ചറിയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."