ശരീഅത്ത് സ്വതന്ത്ര ഇന്ത്യയില്‍
സ്വതന്ത്ര ഇന്ത്യയില്‍ ശരീഅത്ത് സംബന്ധമായി പാസാക്കിയ ആദ്യനിയമം 1954 ലെ വഖഫ് ആക്ട് ആണ്. അതിനുമുന്‍പ് വഖ്ഫ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും സിവില്‍കോടതികളാണു കൈകാര്യം ചെയ്തിരുന്നത്. 1954 ലെ ആക്ടനുസരിച്ചു വഖ്ഫിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വഖഫ്‌ബോര്‍ഡിന്റെ തീര്‍പ്പുകള്‍ക്കു വിധേയമായി. തീരുമാനങ്ങള്‍ കാലവിളംബം കൂടാതെ എടുക്കാന്‍ ബോര്‍ഡിനു കഴിയാതെ വന്നതിനാല്‍ 1995 ലെ നിയമപ്രകാരം വഖ്ഫ് ട്രൈബ്യൂണലുകള്‍ക്ക് ആ ചുമതല കൈമാറി.
സ്‌പെഷ്യല്‍ വിവാഹ ആക്ട് 1954
21 വയസു തികഞ്ഞ പുരുഷനും 18 വയസു തികഞ്ഞ സ്ത്രീക്കും ജാതിമതഭേദം കൂടാതെ നിയമപരമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വ്യവസ്ഥചെയ്യുന്ന, ഏകസിവില്‍കോഡിന്റെ മുന്നോടിയായി ഉണ്ടാക്കിയ നിയമമാണിത്. ഇതുപ്രകാരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന മുസ്‌ലിംകള്‍ക്കു ശരീഅത്ത് ബാധകമല്ല. അവരുടെ പിന്തുടര്‍ച്ച ഇന്ത്യന്‍ പിന്‍തുടര്‍ച്ചാനിയമപ്രകാരമാണ്.
1986 ലെ വിവാഹമുക്തയായ
മുസ്്‌ലിംസ്ത്രീക്കുള്ള
അവകാശം സംബന്ധിച്ച ആക്ട്
അഞ്ചുമക്കളുള്ള ശാബാനു എന്ന സ്ത്രീ വിവാഹമുക്തയായപ്പോള്‍ മുന്‍ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രിംകോടതിയെ സമീപിച്ചു. ക്രിമിനല്‍ നടപടി സംഹിതയിലെ വകുപ്പ് 125 അനുസരിച്ച് ആയുഷ്‌ക്കാലംമുഴുവന്‍ മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്നായിരുന്നു വിധി.
ഇസ്്‌ലാമിക ശരീഅത്തു പ്രകാരം ശാബാനുവിനെ മക്കളാണു സംരക്ഷിക്കേണ്ടത്. മുന്‍ഭര്‍ത്താവില്‍നിന്ന് ഇദ്ദകാലത്തെ ജീവനാംശത്തിനും മതാഅ് എന്ന് ഇസ്്‌ലാമിക ശരീഅത്ത് വിവക്ഷിക്കുന്ന പാരിതോഷികത്തിനും മാത്രമേ അര്‍ഹതയുള്ളൂ. ശരീഅത്തിന് വിരുദ്ധമായ വിധിക്കെതിരേ മുസ്്‌ലിംകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986 ല്‍ പാസാക്കിയതാണ് വിവാഹമുക്തയായ മുസ്്‌ലിംസ്ത്രീക്കുള്ള അവകാശം സംബന്ധിച്ച ആക്ട്.
എന്നാല്‍, ഈ നിയമം ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റമറ്റതാക്കിയെടുപ്പിക്കുന്നതില്‍ മുസ്‌ലിം സംഘടനകള്‍ പരാജയപ്പെട്ടു. നിയമത്തിലെ വ്യവസ്ഥകള്‍ ഇസ്്‌ലാമിക ശരീഅത്തിനു വിരുദ്ധമാണ്. മതാഅ് എന്ന വാക്കിന്റെ ശരിയായ അര്‍ഥമല്ല ആക്ടില്‍ പരിഭാഷപ്പെടുത്തി ചേര്‍ത്തത്. ഖുര്‍ആനില്‍ നാല്‍പത്തഞ്ചില്‍പരം ഇടങ്ങളില്‍ പ്രയോഗിച്ചിട്ടുള്ള പദമാണ് മതാഅ് എന്നത്. താല്‍ക്കാലിക ആശ്വാസം, പാരിതോഷികം എന്നെല്ലാമാണ് ഈ പദത്തിനര്‍ഥം. ഫാത്വിമ ബിന്‍ത് ഖൈസ് എന്ന സ്ത്രീയെ മൂന്നു ത്വലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍, തന്റെ ഭര്‍ത്താവായ അബൂഅംറ് ബ്‌നു ഹഫ്‌സില്‍നിന്ന് എന്താണു തനിക്ക് ലഭിക്കാനുള്ളതെന്ന് അവര്‍ പ്രവാചകരോട് ആരായുന്നുണ്ട്. ജീവനാംശത്തിനും താമസസൗകര്യത്തിനാം അവകാശമില്ലെന്നും ഇദ്ദയുടെ കാലത്തേയ്ക്കു നല്‍കിയ കുറേ ബാര്‍ലിക്കു മാത്രമേ അവകാശമുള്ളൂ എന്നും വിധിച്ചിരുന്നു.
ശാബാനുകേസില്‍ വ്യക്തിനിയമബോര്‍ഡ് പോലുള്ള സംഘടനകള്‍ കക്ഷിചേര്‍ന്നിട്ടും ഗവേഷണം നടത്തി കാര്യങ്ങള്‍ കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടതായിരുന്നിട്ടും ഉപരിവിപ്ലവമായ ചില വാദമുഖങ്ങള്‍ നിരത്താനേ മുസ്്‌ലിംകള്‍ക്കു കഴിഞ്ഞുള്ളൂ. അറബിഭാഷയിലുള്ള വ്യാഖ്യാനങ്ങളോ ഹദീസു ഗ്രന്ഥങ്ങളോ ഒന്നുംതന്നെ അഭിഭാഷകന്‍ കണ്ടില്ല. കോടതികള്‍ സ്വന്തമായി ഗവേഷണം നടത്തി തീരുമാനമെടുക്കണമെന്നു പ്രതീക്ഷിക്കാവതല്ല. കോടതിയുടെ മുമ്പില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന പതിവ് ഈ കേസിലും തുടര്‍ന്നു.
അതുപോലെ മതാഅ് എന്ന അറബിപദത്തിന് പ്രൊവിഷന്‍ എന്നാണ് ആക്ടില്‍ തര്‍ജമചെയ്തിരിക്കുന്നത്. ഇതു കോടതിക്ക് ഇഷ്ടമുള്ളപോലെയാണു വിധിക്കുന്നത്. ജീവിതാവസാനംവരെ താമസിക്കാനുള്ള വീടും സൗകര്യങ്ങളും അനുവദിക്കുന്നുണ്ട്. അതിനുപകരം മെയിന്റനന്‍സ്, പ്രൊവിഷന്‍ എന്നീ ഇംഗ്ലീഷ് പദങ്ങളുടെ ഇംഗ്ലീഷ് വ്യാഖ്യാനം അനുസരിച്ചു തീര്‍പ്പുകല്‍പിക്കുകയും ചെയ്യുന്നു. മതാഅ് എന്ന അറബി പദത്തിന് അറബിഭാഷയിലുള്ള അര്‍ഥവ്യാപ്തി എന്താണോ അതനുസരിച്ചു മാത്രമേ കോടതി വിധിനടത്താന്‍ പാടുള്ളൂ. ശരീഅത്ത് വ്യവസ്ഥ അതാണ്. അതിവിടെ പാലിക്കപ്പെട്ടില്ല.
ആയിരത്തിലധികം വര്‍ഷം ഇസ്‌ലാമിക ശരീഅത്ത് എങ്ങനെയാണ് ഇന്ത്യയില്‍ നിലനിന്നതെന്നതു സംബന്ധിച്ച വിശകലനമാണിവിടെ നല്‍കിയത്. മുസ്്‌ലിംകള്‍ക്കു ശരീഅത്ത് വ്യവസ്ഥ ബാധകമായിരുന്നപ്പോള്‍ മറ്റു മതസ്ഥര്‍ക്ക് അവരുടെ നിയമങ്ങളാണു നടപ്പാക്കിയിരുന്നത്. അന്യമതസ്ഥരില്‍ ഇസ്്‌ലാം അടിച്ചേല്‍പിക്കുകയോ മറ്റുവിധത്തില്‍ പീഡിപ്പിക്കുകയോ ചെയ്തചരിത്രമില്ല. അവിഭക്ത ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യ 25 ശതമാനം മാത്രമായിരുന്നു. 'നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്ന തത്വമാണു മുസ്്‌ലിം ഭരണാധികാരികള്‍ സ്വീകരിച്ചത്.
പിന്നീടുവന്ന ഇംഗ്ലീഷുകാര്‍ ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിക്കുകയോ ഗവണ്‍മെന്റ് വകയായി ഏതെങ്കിലും ശരീഅത്ത് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. മുസ്്‌ലിം, ഹിന്ദു വ്യക്തിനിയമങ്ങള്‍ ഇസ്്‌ലാം മതത്തിന്റെയും ഹിന്ദുമതത്തിന്റെയും ഭാഗങ്ങളായതിനാല്‍ അവ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ക്രോഡീകരിക്കുന്നത് ശരിയല്ലെന്ന നയമാണു ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചത്.
ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെയാണ്, 'മുസ്്‌ലിംനിയമം എങ്ങനെയായിരിക്കണമെന്നു തീരുമാനിച്ചത് ഒരു പാഴ്‌സിയാണ്. അദ്ദേഹത്തിന്റെ തീരുമാനപ്രകാരമുണ്ടാക്കിയ നിയമമാണ് ഇന്ന് മുസ്്‌ലിം നിയമമായി രാജ്യത്ത് നടപ്പാക്കിവരുന്നത്''. ഇതു ശരിയല്ല. ഇസ്്‌ലാം മതം പൂര്‍ത്തീകരിച്ച ഹിജ്‌റ പത്താംവര്‍ഷംതന്നെ ശരീഅത്തിന്റെ അടിസ്ഥാനതത്വങ്ങളും പൂര്‍ത്തീകരിച്ചു. 'നിങ്ങള്‍ക്കു ശരീഅത്ത്് അവതരിപ്പിച്ചുതന്നിരിക്കുന്നു. അതുകൊണ്ടു നിങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുവിന്‍' എന്നു ഖുര്‍ആന്‍ 5:48, 45:18 എന്നീ സൂക്തങ്ങളില്‍ ആഹ്വാനമുണ്ട്. ഇന്ത്യയില്‍ ശരീഅത്ത് നിയമത്തിന്റെ ചരിത്രവും നാം വിശദീകരിച്ചു.
സംഗതി അങ്ങനെയിരിക്കെയാണു ജസ്റ്റിസ് കമാല്‍പാഷ പാഴ്‌സിയായ മുല്ലയാണു വ്യക്തിനിയമം ഉണ്ടാക്കിയതെന്നു പ്രസ്താവിച്ചിരിക്കുന്നത്. ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല, തന്റെ മുഹമ്മദന്‍ ലോ എന്ന ഗ്രന്ഥം 1906 ലാണു പ്രസിദ്ധീകരിച്ചത്. അദ്ദേഹം മുഹമ്മദന്‍ ലോ കൂടാതെ, 1912 ല്‍ ഹിന്ദു ലോ എന്ന പുസ്തകവും 1900 ല്‍ സിവില്‍ പ്രൊസിഡിയര്‍ കോഡിന്റെ ബൃഹത്തായ വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.
ശരീഅത്ത് സംബന്ധിച്ച ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണു മുഹമ്മദന്‍ ലോ രചിച്ചിരിക്കുന്നത്. അദ്ദേഹം സ്വന്തമായി ആവിഷ്‌കരിച്ച തത്വമൊന്നും ആ പുസ്തകത്തിലില്ല. ശരീഅത്തിന്റെ ഉറവിടങ്ങളായ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയെ ആസ്പദമാക്കിയാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചത്. ആധികാരിക പണ്ഡിതന്മാര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആ കാലഘട്ടത്തിലെ നിയമനിര്‍മാണ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കിയെടുത്ത നിയമ സംഹിതയാണിത്. അതിലെ ഏതെങ്കിലും പ്രസ്താവന ഖുര്‍ആനിനോ പ്രവാചകചര്യയ്‌ക്കോ വിരുദ്ധമാണെന്നു കണ്ടാല്‍ അതു തള്ളാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."