ഹമീദ് വട്ടത്തൂര്‍ സ്മാരക സേവനമുദ്ര പുരസ്‌ക്കാരം റഫീഖ് പുല്ലൂരിന്
റിയാദ് : കൊണ്ടോട്ടി നിയോജക മണ്ഡലം റിയാദ് കെ.എം.സി.സി കമ്മിറ്റി മരണപ്പെട്ട കെ.എം.സി.സി നേതാവ് ഹമീദ് വട്ടത്തൂരിന്റെ പേരില്‍ റിയാദിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ സേവനമുദ്രാ പുരസ്‌കാരം റഫീഖ് പുല്ലൂരിന് നല്‍കും. ഈ മാസം പത്തൊന്‍പതിന് അസീസിയ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി റിവൈവ് സീസണ്‍ 2 ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌ക്കാരം സമര്‍പ്പിക്കുക.
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ ജനറല്‍ കണ്‍വീനറും കെ.എം.സി.സി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ റഫീഖ് ജീവകാരുണ്യരംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ റിയാദില്‍ നിറഞ്ഞ് നില്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗിന്റെ കീഴിയില്‍ ധാരാളം പ്രവര്‍ത്തകരെ കൊണ്ട് വരാനും സംഘടിതമായ പ്രവര്‍ത്തനത്തിന്റെ പുതിയ രീതി അവലംബിക്കുവാനും അദ്ദേഹം നല്‍കിയ സേവനം മാതൃകാപരമാണ്.
മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും വേണ്ടുന്ന സഹായങ്ങള്‍, സ്‌പോണ്‍സറുമായും കമ്പനികളുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്‌നങ്ങള്‍, ആക്‌സിഡന്റ് ഉള്‍പ്പടെയുള്ള അകപടങ്ങളില്‍ പെടുന്ന രോഗികള്‍ക്കുള്ള ചികിത്സ സഹായങ്ങള്‍, മറ്റു പ്രവാസികള്‍ക്ക് വേണ്ടുന്ന എംബസിയുമായുള്ള സഹായങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും റഫീഖ് നടത്തുന്ന ഇടപെടല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.
മഞ്ചേരി സി.എച്ച്. സെന്റര്‍ റിയാദ് ചാപ്റ്റര്‍ കമ്മിറ്റി പ്രസിഡന്റും, മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗവുമായ അദ്ദേഹം നടത്തുന്ന മുഴുസമയ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം നല്‍കുന്നതെന്ന് പുരസ്‌ക്കാര നിര്‍ണ്ണയസമിതി അംഗങ്ങളായ ശുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ കരുവാരക്കുണ്ട്, കുണ്ടോട്ടി നിയോജകമണ്ഡലം കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളായ മുനീര്‍ വാഴക്കാട്, അലവിക്കുട്ടി ഒളവട്ടൂര്‍, ബഷീര്‍ സിയാങ്കണ്ടം, ഗഫൂര്‍ കെ.സി. എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മഞ്ചേരി പുല്ലാര സ്വദേശിയാണ് മേച്ചേരി റഫീഖ്. ഭാര്യ സുമയ്യ മദാരി, മക്കള്‍ ഫാത്തിമ ഷഹന, മുഹമ്മദ് റഷീഖ്, ഫാത്തിമ ഷിദാന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."