ഇഞ്ചി വില ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നില്ല
സുല്‍ത്താന്‍ ബത്തേരി: ഇഞ്ചിവില ഉയരുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍. കാലവര്‍ഷക്കെടുതിയില്‍ കൃഷിവ്യാപകമായി നശിച്ചതും ജില്ലയില്‍ കൃഷിയിലുണ്ടായ കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
2012-13 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഇഞ്ചി വില ഉയരങ്ങളിലേക്ക് നീങ്ങുന്നത്. നിലവില്‍ ജില്ലയില്‍ പുതിയ ഇഞ്ചിക്ക് 2200 രൂപയും പഴയ ഇഞ്ചിക്ക് 3900 രൂപയുമാണ് വില.
ഇഞ്ചിയുടെ ഇപ്പോഴത്തെ ലഭ്യതക്കുറവാണ് വില ഉയരുന്നതിന് കാരണം. വയനാട്ടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം ഇഞ്ചികൃഷി ഇത്തവണ കുറവാണ്.കൂടാതെ ഇത്തവണത്തെ മഴക്കെടുതിയിലും ജില്ലയിലെ ഇഞ്ചികൃഷി നശിക്കുകയും ചെയ്തിരുന്നു.
ഇഞ്ചിയുടെ പ്രധാന ഉല്‍പാദന കേന്ദ്രമായ കര്‍ണാടകയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇഞ്ചികൃഷി കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.സാധാരണക്കാരില്‍ നിന്നും കൃഷി വന്‍കിടക്കാരിലേക്ക് എത്തിപ്പെടുകയും ചെയ്തു. ഇക്കാരണങ്ങളാല്‍ തന്നെ ഇപ്പോഴത്തെ വിലവര്‍ധന സാധാരണ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നുമാണ് നിഗമനം.
ജില്ലയിലെ പൊതുവേ കുറഞ്ഞ തോതിലെങ്കിലും ചെറുകിട കര്‍ഷകരാണ് ഇഞ്ചികൃഷി ഇറക്കുന്നത്. ഇതുതന്നെ ഇത്തവണം വ്യാപകമായി നശിക്കുകയും ചെയ്്തു. നിലവിലെ സാഹചര്യം അനുസരിച്ച് ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍നിന്നും ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."