കടല്‍ മാര്‍ഗവും തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് എത്തിത്തുടങ്ങി
ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് പങ്കെടുക്കാന്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ആകാശ മാര്‍ഗമുള്ള വരവ് ശക്തിയാര്‍ജ്ജിക്കവേ, കര വഴിയും കടല്‍ മാര്‍ഗവും ഹാജിമാര്‍ പുണ്യ നാട്ടില്‍ എത്തി തുടങ്ങി. ഇറാഖില്‍ നിന്നുള്ള ഹാജിമാര്‍ സഊദിയുടെ വടക്കന്‍ പ്രവിശ്യയിലെ ജദീദത്ത് അര്‍അര്‍ ചെക്ക് പോസ്റ്റ് വഴി സഊദിയില്‍ പ്രവേശിച്ചു. ആദ്യ ദിവസം 650 ഇറാഖി ഹാജിമാര്‍ പുണ്യഭൂമിയിലെത്തി. ഇവരെ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഈ വര്‍ഷം ആകെ 22,000 ഹാജിമാരാണ് കപ്പല്‍ വഴി എത്തുക. കഴിഞ്ഞ വര്‍ഷം 16,000 പേരാണ് കപ്പല്‍ മാര്‍ഗം എത്തിയത്. ഈ വര്‍ഷം നാലു കപ്പലുകള്‍ക്കാണ് ഹജ് സര്‍വീസിന് ലൈസന്‍സുള്ളത്. ഇവ ആകെ 22 സര്‍വീസുകള്‍ നടത്തും. ജിദ്ദ ഇസ്ലാമിക് സീപോര്‍ട്ടില്‍ മണിക്കൂറില്‍ 800 ലേറെ പേരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ടെര്‍മിനലിന് ശേഷിയുണ്ട്. ആകെ അഞ്ചു ലോഞ്ചുകളാണ് ടെര്‍മിനലിലുള്ളത്. ഇതില്‍ മൂന്നെണ്ണം ആഗമന യാത്രക്കാര്‍ക്കുള്ളതും രണ്ടെണ്ണം നിര്‍ഗമന യാത്രക്കാര്‍ക്കുള്ളതുമാണ്. യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിന് പതിനാലു നവീന ഉപകരണങ്ങള്‍ ജിദ്ദ തുറമുഖത്തുണ്ട്. ലഗേജുകള്‍ നീക്കം ചെയ്യുന്നതിന് 700 ട്രോളികളുമുണ്ട്. തുറമുഖത്തെത്തുന്ന തീര്‍ഥാടകര്‍ക്കു വേണ്ടി 28 ബസുകളും ഒരുക്കിയിട്ടുണ്ട്.
ഹജ് സീസണ്‍ ജോലികള്‍ക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും തബൂക്കിലെ ദിബാ എയര്‍പോര്‍ട്ട് വഴിയാണ് രാജ്യത്ത് എത്തുക. നാല്‍പതിനായിരത്തോളം സീസണ്‍ തൊഴിലാളികളാണ് ദിബാ തുറമുഖം വഴി എത്തുക. സീസണ്‍ തൊഴിലാളികളെയും വഹിച്ച് ദിവസേന നാലു സര്‍വീസുകള്‍ വീതം ദിബാ തുറഖത്തെത്തും.
ഹജിനു മുന്നോടിയായി യാമ്പു എയര്‍പോര്‍ട്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യാമ്പു എയര്‍പോര്‍ട്ടിലും ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് ടെര്‍മിനല്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന് ടെര്‍മിനല്‍ സമീപ കാലത്ത് വികസിപ്പിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ വിസ്തീര്‍ണം 3,600 ചതുരശ്ര മീറ്ററില്‍ നിന്ന് 7,200 ചതുരശ്ര മീറ്ററായാണ് ഉയര്‍ത്തിയിരിക്കുന്നത്. ലഗേജ് പരിശോധനക്ക് നാലു എക്‌സ്‌റേ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഫാര്‍മസിയും ക്ലിനിക്കും അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം, മക്കയിലേക്കുള്ള പ്രവേശന ചെക്കിങ് കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ പോലിസ് വകുപ്പും ജവാസാത്ത് വകുപ്പും പ്രത്യേകം പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് കഴിയുന്നത് വരെ നിയന്ത്രിതം മാത്രമായിരിക്കും. മക്കാ താമസരേഖ (ഇഖാമ) ഉള്ളവര്‍, മക്കയിലാണ് തൊഴിലെന്ന് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഉള്ളവര്‍, ഹജ്ജ് അനുമതി പത്രം നേടിയവര്‍ എന്നിവരെ മാത്രമേ നിലവില്‍ മക്കയിലേക്ക് കടത്തി വിടുന്നുള്ളൂ.
മൂന്നു ആഴ്ചകള്‍ക്കു മുമ്പ് തന്നെ നടപ്പാക്കിയ ഈ നിയന്ത്രണം ഇപ്പോള്‍ കര്‍ശനമായാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഹജ്ജ് അനുമതിപത്രമില്ലാതെ കാലേകൂട്ടി മക്കയില്‍ കയറിക്കൂടി ഹജ്ജ് നിര്‍വഹിക്കുന്നത് തടയാനാണ് ഹജ്ജിന് ഏറെ മുമ്പേ തന്നെയുള്ള മക്കാ പ്രവേശന നിയന്ത്രണം. ജിദ്ദ, മദീന, ത്വായിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം മക്കയിലേക്കുള്ള ചെക്കിങ് കവാടങ്ങളിലെല്ലാം പരിശോധന ഊര്‍ജിതമാണ്. പരിശോധന ആരംഭിച്ച ശേഷം 72,037 പേരെയും 30,449 വാഹനങ്ങളും പിടിയിലാവുകയും തിരിച്ചയച്ചതായും ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."