വിധിയെഴുതി 76.18%; നാളെ അറിയാം മൂന്നാംഘട്ടത്തില്‍ 78.64 ശതമാനം പോളിങ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മലബാര്‍ ജില്ലകളിലെ കനത്ത പോളിങ്ങോടെ തദ്ദേശ വിധിയെഴുത്തിന് തിരശ്ശീല വീണു. മൂന്നു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരില്‍ 76.18 ശതമാനം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഇന്നലെ വോട്ടെടുപ്പ് നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 78.64 ശതമാനമാണ് പോളിങ്. ഒന്നാംഘട്ടത്തില്‍ 73.12 ശതമാനവും രണ്ടാം ഘട്ടത്തില്‍ 76.08 ശതമാനവുമായിരുന്നു പോളിങ്.
കൊവിഡ് ആശങ്കയിലും വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തുന്ന കാഴ്ചയാണ് മൂന്നാംഘട്ടത്തിലും കണ്ടത്. അതിനിടെ കോഴിക്കോട്ടും മലപ്പുറത്തും കണ്ണൂരിലും അക്രമസംഭവങ്ങളുമുണ്ടായി.
കോഴിക്കോട് നാദാപുരത്ത് പൊലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്ഥാനാര്‍ഥിക്കും പൊലിസുകാര്‍ക്കും പരുക്കേറ്റു. നിട്ടൂരില്‍ യൂത്ത് ലീഗ്, കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യു.ഡി.വൈ.എഫ് പ്രവര്‍ത്തകനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുക്കം നീലേശ്വരത്തും കൊടിയത്തൂരിലും വടകര ഏറാമലയിലും പേരാമ്പ്രയിലും കായക്കൊടിയിലും നേരിയ സംഘര്‍ഷമുണ്ടായി. ബേപ്പൂരില്‍ വോട്ട് ചെയ്തു തിരികെ പോവുന്നതിനിടെ മധ്യവയസ്‌ക കുഴഞ്ഞു വീണ് മരിച്ചു.
കണ്ണൂരില്‍ സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ വാഹനത്തിന് നേരെ അക്രമ ശ്രമമുണ്ടായെന്ന് പരാതിയുണ്ട്. ജില്ലയില്‍ ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് രാത്രി വരെ നീണ്ടു. കാസര്‍കോട് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചയോടെയാണ് കൂടിയത്.
മലപ്പുറം പള്ളിക്കലില്‍ പോളിങ് ബൂത്തിലിരുന്ന ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അസ്സൈന്‍ സ്വാദിഖ് (33) ആണ് മരിച്ചത്. മലപ്പുറം മഞ്ചേരിയില്‍ വോട്ട് ചെയ്തു മടങ്ങിയ യുവാവ് ബൈക്ക് അപകടത്തിലും മരിച്ചു. പെരുമ്പടപ്പ്, താനൂര്‍, വേങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
സംസ്ഥാനത്തെ തദ്ദേശ വിധിയെഴുത്ത് പൂര്‍ണമായതോടെ മുന്നണികള്‍ ശുഭ പ്രതീക്ഷയിലാണ്. നാലു മാസങ്ങള്‍ക്ക് അപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ ആയിട്ടാണ് മുന്നണികള്‍ ഈ തെരഞ്ഞെടുപ്പിനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."