പുതിയ കാര്‍ഷിക നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ക്കെതിരേ ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് വീണ്ടും രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രമേ സംരക്ഷിക്കൂ എന്നും അത് വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുമെന്നും മഞ്ച് അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ പാസാക്കിയ പ്രമേയമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. നിയമങ്ങള്‍ കൊണ്ടുവന്നത് നല്ല ഉദ്ദേശ്യത്തോടെ ആയിരിക്കാമെങ്കിലും നിയമങ്ങളിലെ പഴുതുകള്‍ ഇല്ലാതാക്കാന്‍ ഭേദഗതികള്‍ അനിവാര്യമാണെന്ന് പ്രമേയത്തില്‍ പറയുന്നു. വന്‍കിട കമ്പനികള്‍ സംഭരണ മേഖലയില്‍ വരുന്നത് കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നതിനിടയാക്കും. പുതിയ നിയമം വരുന്നതോടെ ഉല്‍പന്നങ്ങള്‍ കൃഷിച്ചന്തകള്‍ക്ക് പുറത്ത് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇത് കര്‍ഷകര്‍ക്ക് ആത്യന്തികമായി നഷ്ടമാണുണ്ടാക്കുക.
താങ്ങുവില (എം.എസ്.പി) ഉറപ്പാക്കാനും ഒരു ഇടപാടും താങ്ങുവിലയ്ക്കു താഴെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും മഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തെ തള്ളിപ്പറയാനോ പിന്തുണയ്ക്കാനോ മഞ്ച് തയാറായില്ല.
വിവാദ നിയമങ്ങളില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന് ആര്‍.എസ്.എസിനു കീഴിലുള്ള കര്‍ഷകരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘും (ബി.കെ.എസ്) നേരത്തെ ആവശ്യപ്പെട്ടിരുന്നു. വന്‍കിട കമ്പനികളുടെ താല്‍പര്യങ്ങളല്ല, കര്‍ഷക താല്‍പ്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്നു സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബി.കെ.എസ് ആവശ്യപ്പെട്ടിരുന്നു.
സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്
തയാറായി കേന്ദ്രം
ഡല്‍ഹി അതിര്‍ത്തിയില്‍ തടിച്ചുകൂടി പതിനായിരക്കണക്കിന് കര്‍ഷകര്‍
കര്‍ഷക നേതാക്കള്‍
നിരാഹാരം അനുഷ്ഠിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ കര്‍ഷകരെത്തുകയും സമരത്തിന്റെ രണ്ടാംഘട്ടം ശക്തമാകുകയും ചെയ്തതോടെ വീണ്ടും ചര്‍ച്ചയ്ക്ക് തയാറായി കേന്ദ്രം. ചര്‍ച്ചയുടെ അടുത്ത തിയതി തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയും കര്‍ഷക നേതാക്കള്‍ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തുവരുന്ന പശ്ചാത്തലത്തിലാണ് കൃഷി മന്ത്രിയുടെ പ്രതികരണം.
സമരം 19ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ സിന്‍ഗു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ഉപവാസ സമരം നടത്തി. അതോടൊപ്പം പഞ്ചാബിലും ഹരിയാനയിലും ജില്ലാ ആസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് ആംആദ്മി പാര്‍ട്ടി നേതാക്കളും ഇന്നലെ ഉപവാസമിരുന്നു. ഡല്‍ഹി സ്പീക്കര്‍ രാംനിവാസ് ഗോയലും ഉപവാസം അനുഷ്ഠിച്ചു.
സമരക്കാര്‍ക്ക് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തികളില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് തടിച്ചുകൂടിയത്. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ സമരക്കാര്‍ ഹൈവേ ഉപരോധിച്ചു.
അല്‍പസമയത്തെ ഉപരോധത്തിനുശേഷം സമരക്കാര്‍ തന്നെ റോഡ് തുറന്നു. ഇന്നലെ കാലത്ത് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചയ്ക്കുള്ള ശ്രമം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."