ആകാശം അതിരാക്കിയ 'ലേഡി ബുബ്ക'
ആകാശത്തെ അതിരുകളാക്കി ഉയരങ്ങളിലേക്ക് ചിറകില്ലാതെ പറന്ന 'ലേഡി ബുബ്ക' ഇത്തവണ റിയോയുടെ പിറ്റിലുണ്ടാകില്ല. യെലേന ഇസിന്‍ബയേവ എന്ന റഷ്യയുടെ ഇതിഹാസ താരം ഉത്തേജകത്തിന്റെ പേരില്‍ ഒളിംപിക്‌സിന്റെ പടിക്കു പുറത്താണ് ഇത്തവണ. മൂന്ന് ഒളിംപിക്‌സുകളില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി. ആകാശത്തോളം ഉയരങ്ങളിലേക്ക് പറന്നു രണ്ടു തവണ ലോക ചാംപ്യനുമായി.
ഒടുവില്‍ സ്വന്തം രാജ്യം നേതൃത്വം കൊടുത്ത ഉത്തേജക മരുന്നടിയുടെ പേരില്‍ ലോക ചാംപ്യന്‍ വിലക്ക് നേരിടുമ്പോള്‍ അതു കായിക ലോകത്തിന് നഷ്്ടം തന്നെയാണ്. റിയോയിലെ വിശ്വകായിക മാമാങ്കത്തിന്റെ പിറ്റില്‍ പോളുമായി അതിരുകളില്ലാത്ത ഉയരങ്ങളിലേക്ക് പറക്കാന്‍ ഇസിന്‍ ബയേവ ഏറെ മോഹിച്ചിരുന്നു. 2013 ല്‍ തന്റെ കരിയറിന് വിരാമമിട്ട് പോള്‍ താഴെ വച്ചെങ്കിലും ഉയരങ്ങളിലേക്കുള്ള കുതിപ്പിനെ അടക്കി നിര്‍ത്താന്‍ ഇസിനായില്ല. കായിക ലോകത്തേക്ക് മടങ്ങിയെത്തിയ ഇസിന്‍ റിയോ ഒളിംപിക്‌സില്‍ പോള്‍വോള്‍ട്ടില്‍ ഒരിക്കല്‍ കൂടി ചരിത്രം കുറിച്ചു മടങ്ങാനാണ് മോഹിച്ചത്. ആ മോഹത്തിന് വിലങ്ങു തടിയായത് റഷ്യന്‍ താരങ്ങളുടെ കൂട്ടമരുന്നടി മാത്രമാണ്.
റഷ്യന്‍ താരങ്ങളുടെ ഉത്തേജക ഉപയോഗ വാര്‍ത്തയറിഞ്ഞ് ലോകം തലകുനിക്കുമ്പോള്‍ അതിലേറെ തലതാഴ്ത്തി കണ്ണീരോടെയാണ് ഇസിന്‍ ബയേവയുടെ മടക്കവും. 2009 ഓഗസ്റ്റില്‍ ഇസിന്‍ബയേവ ഔട്ട്‌ഡോറില്‍ 5.06 മീറ്റര്‍ ഉയരത്തില്‍ പറന്നാണ് ലോക റെക്കോര്‍ഡ് കുറിച്ചത്. ഇന്‍ഡോറില്‍ 5.01 മീറ്ററും ചാടി ലോക റെക്കോര്‍ഡിട്ടു.
പോള്‍ വാള്‍ട്ടില്‍ അഞ്ചു മീറ്റര്‍ ഉയരം താണ്ടിയ ഏക വനിത കായികതാരവും ഇസിന്‍ തന്നെ. സ്വന്തം റെക്കോര്‍ഡ് തുടര്‍ച്ചയായി തിരുത്തിയതിലൂടെ കായിക ലോകം അവളെ ലേഡി ബൂബ്ക എന്ന ഓമനപ്പേരിട്ടു വിളിച്ചു. 2004, 2005, 2008 വര്‍ഷങ്ങളില്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റിക് ഓഫ് ഇയര്‍ പുരസ്‌കാരവും ഇസിനെ തേടിയെത്തി. ലോക കായിക പുരസ്‌കാരങ്ങളിലെ ലോകത്തെ മികച്ച വനിതാ കായിക താരം എന്ന പുരസ്‌കാരം 2007, 2009 വര്‍ഷങ്ങളില്‍ ഇസിന്‍ബയേവ നേടി. യൂത്ത്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ലോക ചാംപ്യനായി ഇസിന്‍ബയേവ. ലോകത്തൊട്ടാകെ എട്ടു കായികതാരങ്ങള്‍ മാത്രമാണ് ഈ നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടുള്ളു.
ജിംനാസ്റ്റിക്കില്‍ നിന്നും പോള്‍വാള്‍ട്ടിലേക്ക്
ജിംനാസ്റ്റിക്കില്‍ നിന്നായിരുന്നു ഇസിന്‍ ബയേവയുടെ തുടക്കം. അഞ്ചാം വയസില്‍ ജിംനാസ്റ്റിക് രംഗത്തെത്തി. 15 വയസുവരെ ജിംനാസ്റ്റികില്‍ പരിശീലനം നടത്തിയെങ്കിലും തന്റെ ഉയരം ലോക നിലവാരത്തിലെത്താന്‍ തടസമെന്ന് തിരിച്ചറിഞ്ഞതോടെ ഈ രംഗം വിട്ടു. പോള്‍വാള്‍ട്ടിലേക്ക് ചുവടുമാറ്റിയ ഇസിന്‍ പരിശീലനം ആറുമാസം പിന്നിടുമ്പോഴേക്കും ആദ്യത്തെ വലിയ വിജയം ചാടിയെടുത്തു. മോസ്‌കോയില്‍ 1998 ല്‍ നടന്ന ലോക യൂത്ത് ഗെയിംസില്‍ നാലു മീറ്റര്‍ ഉയരം ചാടിക്കടന്ന് ഇസിന്‍ സ്വര്‍ണം നേടി. 16 ാം വയസിലെ മൂന്നാമത്തെ മത്സരം മാത്രമായിരുന്നു ഇത്. 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും ഇസിന്‍ബയേവ നാല് മീറ്റര്‍ ചാടിക്കടന്നു. എന്നാല്‍ വെങ്കല മെഡല്‍ നേടിയ താരത്തിന്റേതിലും 10 സെന്റി മീറ്റര്‍ കുറവായിരുന്നു.
1999 ല്‍ പോളണ്ടില്‍ നടന്ന ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഇസിന്‍ 4.10 മീറ്റര്‍ മറിക്കടന്നു തന്റെ കരിയറിലെ രണ്ടാമത്തെ സ്വര്‍ണം നേടി. 2000 ലെ ലോക ജൂനിയര്‍ മീറ്റില്‍ 4.20 മീറ്റര്‍ ഉയരം കീഴടക്കി ജേതാവായി. 2000 ലെ സിഡ്‌നി ഒളിംപിക്‌സില്‍ ആദ്യമായി വനിത പോള്‍വാള്‍ട്ട് മത്സരയിനമായി ഉള്‍പ്പെടുത്തിയതോടെ ചാടാനായി ഇസിനും എത്തി. അമേരിക്കയുടെ സ്റ്റേസി ഡ്രാഗ്ലിയ ആദ്യ സ്വര്‍ണം ജേത്രിയായപ്പോള്‍ ആദ്യ റൗണ്ടില്‍ പുറത്താവാനായിരുന്നു ഇസിന്റെ വിധി. പിന്നീട് ഓരോ മത്സരങ്ങളിലും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പടിപടിയായി കുതിക്കുകയായിരുന്നു ഇസിന്‍.
ഉന്നതങ്ങളിലെ
റെക്കോര്‍ഡ് നേട്ടങ്ങള്‍
2003 ജൂലൈ 13 ന് തന്റെ 21ാം പിറന്നാളിന് ഒരു മാസത്തിന് ശേഷം യെലേന ഇസിന്‍ബയേവ തന്റെ ആദ്യ ലോക റെക്കോര്‍ഡ് കുറിച്ചു. ഇംഗ്ലണ്ടിലെ ഗേറ്റ്‌ഷെഡില്‍ നടന്ന മീറ്റില്‍ 4.82 മീറ്റര്‍ ചാടിയാണ് ഇസിന്‍ ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ തൊട്ടു പിന്നാലെ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ച് വെങ്കലം കൊണ്ടു തൃപ്തിപെടേണ്ടി വന്നു ഇസിന്. ഉക്രൈനിലെ ഡോണെറ്റ്‌സ്‌കില്‍ വെച്ച് യെലേന 4.83 മീറ്റര്‍ ചാടി ഇന്‍ഡോര്‍ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയെങ്കിലും ഇതിന് അധിക ആയുസ് ഉണ്ടായില്ല. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ലോക ചാംപ്യനായി നില്‍ക്കുന്ന ഫെഫനോവയുടെ ലോക റെക്കോര്‍ഡ് 4.86 മീറ്റര്‍ ചാടി ലോക ഇന്‍ഡോര്‍ മീറ്റില്‍ ഇസിന്‍ സ്വന്തമാക്കി. 2004 ലെ ആതന്‍സ് ഒളിംപിക്‌സില്‍ 4.91 മീറ്റര്‍ ചാടി യെലേന ഇസിന്‍ബയേവ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അതേ വര്‍ഷം തന്നെ ബ്രസല്‍സില്‍ യെലേന 4.92 മീറ്ററിലേക്ക് ചാടി വീണ്ടും റെക്കോര്‍ഡ് തിരുത്തി. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിലും 4.90 മീറ്റര്‍ ചാടി സ്വര്‍ണം നേടി. 2005 ജൂലൈയില്‍ മൂന്നു വ്യത്യസ്ത മീറ്റുകളിലായി നാലു തവണയാണ് യെലേന ലോക റെക്കോര്‍ഡ് തിരുത്തിയത്.
സ്വിറ്റ്‌സര്‍ലന്റിലെ ലൊസേനില്‍ സ്വന്തം ലോകറെക്കോര്‍ഡില്‍ ഒരു സെന്റിമീറ്റര്‍ കൂടി ഉയരം ചേര്‍ത്ത് 4.93 മീറ്ററാക്കി. ഇസിന്റെ കായിക ജീവിതത്തിലെ 14 ാമത് ലോകറെക്കോര്‍ഡ് ആയിരുന്നു അത്. ജൂലൈ 22 ന് ലണ്ടനിലെ ക്രിസ്റ്റല്‍ പാലസില്‍ 4.96 മീറ്റര്‍ ഉയരം കീഴടക്കി വീണ്ടും റെക്കോര്‍ഡ്. അസാധ്യമെന്ന് കരുതിയ അഞ്ച് മീറ്റര്‍ ഉയരത്തിലേക്ക് ക്രോസ് ബാര്‍ ഉയര്‍ത്താന്‍ ഇസിന്‍ ആവശ്യപ്പെട്ടു. ആദ്യ ശ്രമത്തില്‍ തന്നെ പോളുമായി ഉയരങ്ങളിലേക്ക് ഉയര്‍ന്ന ഇസിന്‍ബയേവക്ക് മുന്നില്‍ വനിതകള്‍ക്ക് അസാധ്യമെന്നു കരുതിയ ഉയരം വഴിമാറി. 2005 ല്‍ ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 5.01 മീറ്റര്‍ മറിക്കടന്നു. പോള്‍വാള്‍ട്ടില്‍ ലോക ചാംപ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തേയും വലിയ വിജയ മാര്‍ജിനാണ് ഇസിന്റെ റെക്കോര്‍ഡ്. തന്റെ ശേഖരത്തില്‍ ഇല്ലാതിരുന്ന യൂറോപ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സ്വര്‍ണം 2006 ല്‍ ഗോട്ടന്‍ബര്‍ഗില്‍ ഇസിന്‍4.80 മീറ്റര്‍ ചാടി നേടി. 2008 ലെ ബെയ്ജിങ് ഒളിംപിക്‌സിലും ഇസിന്‍ തന്നെ പോള്‍വോള്‍ട്ടിലെ താരമായി. 5.05 മീറ്റര്‍ ഉയരത്തിലേക്ക് പറന്നായിരുന്നു ഇസിന്‍ തന്റെ രണ്ടാം ഒളിംപിക് സ്വര്‍ണം നേടിയത്.
2012 ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സില്‍ ഉയരങ്ങളിലെ രാജകുമാരിക്ക് കാലിടറി. അമേരിക്കയുടെ ജെന്നിഫര്‍ സുറിന്റെയും ക്യൂബയുടെ യരിസേലി സില്‍വയുടെയും മുന്നിലാണ് ഇസിന്റെ മൂന്നാം ഒളിംപിക്‌സ് സ്വര്‍ണമെന്ന മോഹം നഷ്ടമായത്. അത്തവണ വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. റിയോയിലെ വിശ്വകായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത നേടിയെങ്കിലും റഷ്യന്‍ താരങ്ങളുടെ മരുന്നടി വില്ലനായി. വിലക്കിനെതിരേ ഇസിന്‍ബയേവ നല്‍കിയ അപ്പീല്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ കമ്മിറ്റി തള്ളി. ''അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. റിയോയില്‍ താനുണ്ടാവില്ല''. എല്ലാവര്‍ക്കും നന്ദി ചൊല്ലി യെലേന ഇസിന്‍ബയേവ എന്ന ലേഡി ബൂബ്ക ആകാശം അതിരുകളാക്കിയ ചാട്ടം അവസാനിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."