ഡാറ്റാബാങ്ക് തെറ്റ് തിരുത്തല്‍ അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം: മന്ത്രി
തിരുവനന്തപുരം: ഡാറ്റാബാങ്കിലെ തെറ്റുതിരുത്താന്‍ ലഭിച്ച അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശില്‍പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷന്‍ 2020 നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആവശ്യമെങ്കില്‍ അദാലത്തുകള്‍ നടത്തണം. സര്‍വേ നമ്പര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള അപേക്ഷകളില്‍ മാത്രം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാല്‍ മതി. തര്‍ക്കമുള്ള അപേക്ഷകള്‍ മാത്രം മാറ്റിവച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പില്‍ സ്‌പെഷല്‍ റൂള്‍ മൂന്നു മാസത്തിനകം നടപ്പാക്കും. വിദ്യാര്‍ഥികളെ പാടത്തേക്കിറക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി സെപ്റ്റംബര്‍ 26ന് നടത്തും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് നെല്ലിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ക്ലാസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് വിദ്യാര്‍ഥികളെ പാടത്തേക്കിറക്കുക.
കര്‍ഷക മിത്ര പദ്ധതി മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കും. വിള ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കൃഷി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. മുഴുവന്‍ വാഴക്കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.
കര്‍ഷകര്‍ നിരന്തരം കയറിയിറങ്ങുന്ന പ്രസ്ഥാനമായി കൃഷി ഭവനുകള്‍ മാറണം. എല്ലാ കൃഷി ഭവനുകളിലും ഉല്‍പാദന ലക്ഷ്യം രേഖപ്പെടുത്തിയ മാപ്പുകള്‍ ഉണ്ടായിരിക്കണം.
കര്‍ഷകസഭകള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തണം. പ്രളയം ഉള്‍പ്പെടെ നിരവധി ദുരന്തങ്ങള്‍ സംഭവിച്ചെങ്കിലും നെല്‍കൃഷി ഉല്‍പാദനം 4.8 മെട്രിക് ടണില്‍നിന്ന് 8.9 മുതല്‍ 10.2 മെട്രിക് ടണ്‍ ആയി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ് അധ്യക്ഷനായി. സ്‌പെഷല്‍ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, സോയില്‍ സര്‍വേ ഡയരക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."