കൊറോണക്കാലത്തെ സേവനം: മലയാളി ജീവകാരുണ്യ പ്രവർത്തകർക്ക് സഊദി തൊഴിൽ വകുപ്പിന്റെ ആദരം
ദമാം: കൊവിഡ് രോഗബാധ വ്യാപകമായ കാലത്ത് പ്രവാസി തൊഴിലാളികൾക്കും വനിതകൾക്കും നൽകിയ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മുൻനിർത്തി മലയാളി ജീവകാരുണ്യ പ്രവർത്തകർക്ക് സഊദി തൊഴിൽ മന്ത്രാലയത്തിന്റെ ആദരം. നവയുഗം ജീവകാരുണ്യ പ്രവർത്തകരും ദമ്പദികളുമായ പദ്മനാഭൻ മണിക്കുട്ടനെയും മഞ്ജു മണികുട്ടനെയുമാണ് തൊഴിൽ മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്. മഞ്ജു മണിക്കുട്ടൻ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് പദവിയും പത്മനാഭൻ മണിക്കുട്ടൻ നവയുഗം കേന്ദ്രകമ്മിറ്റി അംഗവുമായും പ്രവർത്തിച്ചു വരികയാണ്.
കൊവിഡ് രോഗബാധയെത്തുടർന്നു സഊദി അറേബ്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സമയത്തും ശേഷവും ദുരിതമനുഭവിക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് നവയുഗം ജീവകാരുണ്യ വിഭാഗം ഭക്ഷണവും മരുന്നും എത്തിക്കുകയും നൂറുകണക്കിന് പ്രവാസികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങളുടെയെല്ലാം മുന്നിൽ മഞ്ജുവും, മണികുട്ടനും ഉണ്ടായിരുന്നു.
സഊദി തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു വനിത അഭയകേന്ദ്രത്തിലും ജയിലുകളിലും കഴിയുന്ന ഒട്ടേറെപ്പേർക്ക് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായങ്ങൾ നൽകാനും ഇരുവർക്കും കഴിഞ്ഞു. ഈ സേവനപ്രവർത്തനങ്ങളെ പരിഗണിച്ചാണ് തൊഴിൽ മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകിയത്. ലേബർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് അധികൃതർ മഞ്ജുവിനും, മണികുട്ടനും ആദരവ് പത്രിക കൈമാറി.
ഏറെ പ്രതിസന്ധികൾക്കിടയിലും ഒത്തൊരുമയോടെ ആത്മാർത്ഥമായി പ്രവർത്തിച്ച നവയുഗം ജീവകാരുണ്യ വിഭാഗത്തിന് അഭിമാനത്തിന്റെ നിമിഷമാണ് ഇതെന്നും, മഞ്ജുവിനെയും മണിക്കുട്ടനെയും അഭിനന്ദിയ്ക്കുന്നുവെന്നും നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകവും പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."