കെട്ടിടനിര്‍മാണ അപേക്ഷകള്‍: ജില്ലാതല അദാലത്തുകള്‍ 19 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണാനുമതി, കെട്ടിട നിര്‍മാണ ക്രമവല്‍കരണാനുമതി, ഒക്കുപെന്‍സി,കെട്ടിട നമ്പര്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ജില്ലാതല അദാലത്തുകള്‍ ഈ മാസം 19 മുതല്‍ 30 വരെ നടക്കും. 941 ഗ്രാമപഞ്ചായത്തുകളിലായി ജൂണ്‍ 24 വരെ ലഭിച്ച 59,798 അപേക്ഷകളില്‍ 34,121 എണ്ണം (57.06 ശതമാനം) ജൂലൈ 10നകം ഗ്രാമപഞ്ചായത്തുകളില്‍ത്തന്നെ തീര്‍പ്പാക്കിയിരുന്നു.
അവശേഷിക്കുന്ന 25,677 എണ്ണമാണ് വിവിധ ജില്ലകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിഗണിക്കുന്നത്. ഈമാസം തന്നെ എല്ലാ അപേക്ഷകളിലും നടപടിയെടുത്ത് തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് ഡയരക്ടര്‍ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു. ജൂണ്‍ 24 വരെ ലഭിച്ചവയില്‍ കെട്ടിടനിര്‍മാണാനുമതിക്ക് ലഭിച്ച 28,324 എണ്ണത്തില്‍ 14,766 എണ്ണമാണ് ഇതിനകം തീര്‍പ്പാക്കിയത്. ക്രമവല്‍കരണ അപേക്ഷകളില്‍ 11,582 എണ്ണത്തില്‍ 6,202 എണ്ണം തീര്‍പ്പാക്കി. ഒക്കുപെന്‍സി,കെട്ടിടനമ്പര്‍ ലഭിക്കാനുള്ള അപേക്ഷകളില്‍ 19,892ല്‍ 13,153 എണ്ണവും തീര്‍പ്പാക്കിയിരുന്നു. അവശേഷിക്കുന്ന അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."