മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
നിയമക്കുരുക്കുകള്‍ ഒഴിവായി
കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ നിയമ കുരുക്കുകള്‍ ഒഴിവായി. ഇതോടെ മണ്ഡലം ഇനി ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്.
2016ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പി.ബി അബ്ദുല്‍ റസാഖും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും തമ്മിലായിരുന്നു മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പൊരുതിയത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ബി അബ്ദുല്‍ റസാഖ് മണ്ഡലം കൈവിടാതെ വിജയം കൈവരിച്ചു. അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തു കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും തുടര്‍ന്ന് സുരേന്ദ്രന്‍ പരാതിയില്‍ സൂചിപ്പിച്ച വോട്ടര്‍മാരില്‍നിന്നു കോടതി തെളിവെടുപ്പ് നടത്തി വരികയും ചെയ്തിരുന്നു.
സുരേന്ദ്രന്‍ ആരോപിച്ചതുപോലെയുള്ള കാര്യങ്ങള്‍ കോടതിയില്‍ തെളിവായി ലഭിക്കാതെ വരുന്നതിനിടയിലാണ് മാസങ്ങള്‍ക്കു മുന്‍പ് പി.ബി അബ്ദുല്‍ റസാഖ് വിട പറഞ്ഞത്. കേസുമായി മുന്നോട്ട് പോകുന്നോ എന്ന് സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചിരുന്നെങ്കിലും ആദ്യം അദ്ദേഹം കേസുമായി മുന്നോട്ട് പോകുന്നുവെന്ന് കോടതിയെ അറിയിച്ചു.
പിന്നീട് കേസില്‍നിന്നു പിന്മാറുന്നതായി കാണിച്ചു സുരേന്ദ്രന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെ കേസ് ഒഴിവാക്കുന്നതുമായുള്ള നടപടിക്രമങ്ങളിലേക്കു കോടതി കടക്കുകയും ചെയ്തു. കേസ് പിന്‍വലിക്കുന്ന മുറയ്ക്ക് എറണാകുളം കാക്കനാട്ടെ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ മണ്ഡലത്തില്‍ എത്തിക്കുന്നതിന് വേണ്ടി ചെലവാകുന്ന ഇനത്തില്‍ 2,40,000 രൂപയോളം സുരേന്ദ്രന്‍ ഒടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ കേസില്‍നിന്നു പിന്മാറുമ്പോള്‍ തങ്ങള്‍ക്കു നഷ്ടപരിഹാരം തരണമെന്ന് പി.ബി അബ്ദുല്‍ റസാഖിന് വേണ്ടി അഡ്വക്കേറ്റ് ആവശ്യപ്പെട്ടതോടെ ഇതു നല്‍കാനാകില്ലെന്ന് സുരേന്ദ്രന്‍ പറയുകയും കേസുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നഷ്ടപരിഹാരം വാങ്ങുന്നതില്‍നിന്ന് അബ്ദുല്‍ റസാഖിന്റെ അഡ്വക്കേറ്റ് പിന്‍വാങ്ങിയതോടെ ഇന്നലെ കേസുമായി ബന്ധപ്പെട്ട കുരുക്കുകള്‍ ഒഴിവായി. ഇതോടെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളോടൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള വഴി തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."