പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ചോര്‍ച്ച
തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ചോര്‍ച്ച. മീന്‍കെട്ടിന് സമീപത്താണ് ചോര്‍ച്ച കണ്ടെത്തിയത്. പൈപ്പില്‍ നിന്നു വെള്ളം ചീറ്റുന്ന ശബ്ദംകേട്ട നാട്ടുകാരാണ് വിവരം കെ. എസ്. ഇ. ബി അധികൃതരെ അറിയിച്ചത്. തുടര്‍ന്നെത്തിയ കെ. എസ്. ഇ. ബി ജീവനക്കാര്‍ ചോര്‍ച്ചയടയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും വിജയിച്ചിട്ടില്ല.
സാങ്കേതിക പരിജ്ഞാനക്കുറവും ജീവനക്കാരുടെ കുറവും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിത്തെറിച്ച് എട്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതുള്‍പ്പെടെ കോടികളുടെ നഷ്ടമുണ്ടായ പന്നിയാര്‍ ദുരന്തത്തില്‍ നിന്നു വൈദ്യുതി ബോര്‍ഡ് പാഠം ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് പള്ളിവാസലിലെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. വന്‍ മര്‍ദത്തിലാണ് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ വെള്ളം ഒഴുകുന്നത്. പന്നിയാറിലേതുപൊലെയുള്ള പൊട്ടിത്തെറി പള്ളിവാസലില്‍ സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ പ്രവചനാതീതമായിരിക്കും.
ഏറെ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ എസ്.എന്‍.സി ലാവ്‌ലിന്‍ നവീകരണത്തില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് പള്ളിവാസല്‍. കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പുകള്‍ നിലനിര്‍ത്തിയാണു നവീകരണം നടത്തിയത്. 76 വര്‍ഷം പഴക്കമുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളാണ് പള്ളിവാസല്‍ പദ്ധതിയിലേത്. കോണ്‍ക്രീറ്റ് ആങ്കറുകളിലാണ് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പല ആങ്കറുകളും തകര്‍ന്ന നിലയിലാണ്. 50 അടിക്ക് ഒന്നുവീതം 60 ജോയിന്റുകള്‍ ഇതിനുണ്ട്. നവീകരണത്തിന്റെ പേരില്‍ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി കോടികളാണ് തട്ടിക്കൊണ്ടുപോയത്.
അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നതിനും പരിഹരിക്കുന്നതിനും ജീവനക്കാരുടെ അഭാവം തടസമാകുന്നുണ്ട്. ശക്തിയില്‍ വെള്ളമൊഴുകുന്ന പെന്‍സ്റ്റോക്കുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സിവില്‍ ഉദ്യോഗസ്ഥസംഘത്തെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ചെലവുചുരുക്കല്‍ പദ്ധതിയില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. മാസത്തില്‍ ഒരിക്കല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ വഴിപാടാണ്.
നിര്‍മാണത്തിലിരിക്കുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത ജോലികള്‍ നിലവിലെ പെന്‍സ്റ്റോക്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പുതിയ പദ്ധതിയുടെ ടണല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയമായ പാറ പൊട്ടിക്കല്‍ പള്ളിവാസലിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് ഇളക്കം തട്ടാന്‍ കാരണമായിട്ടുണ്ട്. ഇലക്ട്രിക്ക് തോട്ടയുപയോഗിച്ചാണ് പാറപൊട്ടിച്ചത്. പലപ്പോഴും പാറക്കല്ലുകള്‍ തെറിച്ച് പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ തട്ടിയിട്ടുണ്ട്. ഇവിടെ വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."