സ്വാതന്ത്ര്യം അര്‍ഥമാക്കുന്നതും അര്‍ഥമാക്കേണ്ടതും
ജാതിയുടെയോ മതത്തിന്റെയോ നരവംശത്തിന്റെയോ പേരില്‍ സംഘം ചേരാനോ ആശയം പങ്കുവയ്ക്കാനോ പുരാതന ഭാരതത്തില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആത്മനിന്ദ തോന്നുന്ന പേരുകള്‍ സ്വീകരിക്കാന്‍ മാത്രമേ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശം ഉണ്ടായിരുന്നുള്ളൂ. ഈശ്വരനാമങ്ങള്‍ പോലും മാറ്റം വരുത്തിയാണ് താഴ്ന്ന ജാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഗോവിന്ദന്‍ എന്ന പേരുവയ്ക്കാതെ കോവിന്ദ് എന്ന പേര് സ്വീകരിക്കേണ്ടിവന്നല്ലോ. രാജ്യത്തിന്റെ ഇന്നലെകള്‍ മലിനമാക്കിയ സവര്‍ണ നിര്‍മിതികള്‍ ആയിരുന്നു വേദവാക്യങ്ങളായി ഉപയോഗിച്ചിരുന്നത്. ഒരു വിഭാഗം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ സ്ഥാനത്തിനും താഴെ പരിഗണന വകവച്ചു നല്‍കിയ മനുസ്മൃതി ഈശ്വരീയമാണെന്ന് കരുതിവന്നു. ന സ്ത്രീ സ്വതന്ത്രമര്‍ഹതി എന്നു തീര്‍ത്തു പറഞ്ഞുവച്ചു. ബാല്യകൗമാര യുവത്വവാര്‍ധക്യ ഘട്ടത്തിലും പുരുഷന്റെ അടിമയാണ് സ്ത്രീജന്മമെന്ന് മനുസ്മൃതി മറയില്ലാതെ പറഞ്ഞുറപ്പിച്ചു.
ജനാധിപത്യം ഒരു ജീവിതരീതിയാണെന്ന് ഡോ. അംബേദ്കര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. വര്‍ഗീയത രാഷ്ട്രീയത്തിനു മേല്‍ ആധിപത്യം സ്ഥാപിച്ചാല്‍ ജനാധിപത്യം അന്തരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന ഭാരതം രാഷ്ട്രീയവല്‍ക്കരണത്തെ നിരാകരിച്ച് വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുത്തുകയാണ്. ശക്തനായ ഒരു നേതാവ് രാജ്യസുരക്ഷയ്ക്ക് ആവശ്യമാണെന്ന ധാരണ മുസോളിനി ഇറ്റലിയില്‍ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. മുസോളിനിയുടെ കരിങ്കുപ്പായക്കാര്‍ ഈ ധാരണ പരത്താന്‍ നവലിബറല്‍ ശക്തികളെന്ന് ആരോപിക്കപ്പെട്ടവരെ കൂട്ടക്കൊല ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ജനമനസുകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയതുകൊണ്ട് കൂടിയായിരുന്നു ഫാസിസം ഇറ്റലിയില്‍ വേരുറപ്പിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യയില്‍ പ്രഥമഘട്ടത്തില്‍ ഈ കൊലവിളി രാഷ്ട്രീയം നടപ്പില്‍വരുത്തി ഭീതിപടര്‍ത്തി അടിമത്വം അടിച്ചേല്‍പ്പിച്ച് അധികാരപടവുകള്‍ കയറിയവരാണ്. നിയമനിര്‍മാണ സഭകളില്‍ സവര്‍ണര്‍ക്ക് നിശ്ചിത സീറ്റുകള്‍ മാത്രമേ സംവരണം ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു അംബേദ്കറുടെ പക്ഷം. അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശങ്ങള്‍ പിടിച്ചടക്കി സവര്‍ണര്‍ രാഷ്ട്രീയഭൂമികയും ജനാധിപത്യവും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അംബേദ്കര്‍ അന്നേ തിരിച്ചറിഞ്ഞു.
ഇന്ത്യാ-പാക് വിഭജനകാലത്ത് അന്നു നിലനിന്നിരുന്ന പൈകൃകസ്ഥാപനങ്ങളും സിന്ധുനദി വരെ ഒഹരിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച തീവ്രമായ വാദക്കാരുണ്ടായിരുന്നു. 565 നാട്ടുരാജ്യങ്ങളെ കൂടെനിര്‍ത്തി ഭരണം നിലനിര്‍ത്താന്‍ വിശ്വാസങ്ങളെയും മതങ്ങളെയും അന്ധവിശ്വാസങ്ങളെയും സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ജനാധിപത്യത്തിനു മുകളില്‍ മതവര്‍ഗീയത ആധിപത്യം തുടരുകയാണ്. പുതിയ പാര്‍ലമെന്റ് കെട്ടിടം ഹിന്ദു മതാചാരപ്രകാരം ഭൂമിപൂജ നടത്തിയാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. കേരളത്തിലെ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിറപറയും നിലവിളക്കും ഇപ്പോഴും നിലവിലുണ്ട്. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അര്‍ഥമാക്കുന്ന സ്വാതന്ത്ര്യം നടപ്പാക്കാന്‍ എന്തുകൊണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയാറാകുന്നില്ല. ഭരണഘടനയുടെ കാവല്‍ക്കാരും വ്യാഖ്യാതാക്കളുമായ ജുഡിഷ്യറി ധര്‍മനിര്‍വഹണത്തില്‍ പരാജയപ്പെടുന്നുവെന്നത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി തന്നെയാണ്.
മുസോളിനി ഇറ്റലിയില്‍ നടപ്പാക്കിയ കറുപ്പുനിറം ഫാസിസത്തെ വളര്‍ത്താന്‍ മറയാക്കിയ വസ്ത്രാവരണമായിരുന്നു. ഇറ്റലിയില്‍ കറുപ്പാണെങ്കില്‍ ഇന്ത്യയില്‍ ഫാസിസം കാവിനിറം സ്വീകരിച്ചു. ഫാസിസം നടന്നുതീര്‍ത്ത കാപാലികതയുടെ നാള്‍വഴികള്‍ ഇന്നും ആവര്‍ത്തിക്കുകയാണ്. മാര്‍ക്‌സിസം അമ്മയില്‍നിന്ന് കുഞ്ഞുങ്ങളിലേക്കു പകരുന്ന മനോരോഗമാണെന്ന് ഇറ്റലിയിലെ മന്ത്രിയായിരുന്ന വല്ലജോ ആണ് പറഞ്ഞത്. ഈ തിയറികള്‍ പകര്‍ത്തിയാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപംകൊണ്ടതും വളര്‍ന്നതും അധികാരം നേടിയതും.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുടെ പുതിയ കെട്ടിടത്തിനു സവര്‍ക്കറുടെ പേരു നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം സത്യസന്ധമായ ചരിത്രം നിരാകരിച്ച് വക്രീകരിച്ച ചരിത്രനിര്‍മിതിയിലൂടെ വരുംതലമുറകളെ ലക്ഷ്യംവയ്ക്കുന്നതാണ്. ഇന്ത്യയില്‍ മുവ്വായിരം ജാതികളും അതിലധികം ഉപജാതികളും നിലവിലുള്ളതിനാല്‍ അടിസ്ഥാനമാറ്റം അസാധ്യമാണെന്ന് കരുതിയ കൂട്ടത്തില്‍ രാജാറാം മോഹന്‍ റോയ്‌യും ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെ ജാതിവൈകാരികതയെ മറികടന്ന് ദേശീയ വൈകാരികത ആധിപത്യം നേടി. ഐക്യബോധ മണ്ഡലവും മനസും വികസിതമായി. അതിനിടെ ദേശീയത മതപക്ഷമാക്കി മാറ്റി ഹിന്ദുരാഷ്ട്ര നിര്‍മാണം എന്ന അജന്‍ഡയിലേക്ക് ആര്‍.എസ്.എസുകാര്‍ ബോധപൂര്‍വം മാറുകയും ചെയ്തു.
റിപ്പബ്ലിക്കന്‍ ടി.വി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അധിക മാധ്യമങ്ങളും ഫാസിസത്തിന്റെ ശബ്ദമായി മാറിയിരിക്കുന്നു. ജനമനസുകളെ പാകപ്പെടുത്തി കാവിവല്‍ക്കരണം സാധ്യമാക്കുന്നതിനു മാധ്യമങ്ങളെ കേന്ദ്ര ഭരണകൂടം ദുരുപയോഗം ചെയ്യുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള പരസ്യ ഇനത്തില്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഒരുനേരം വയറുനിറയെ ഭക്ഷിക്കാന്‍ വകയില്ലാത്ത ഭാരതത്തില്‍ ആയിരം കോടി രൂപ മുടക്കി പുതിയ പാര്‍ലമെന്റ് കെട്ടിടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി. തീരുമാനത്തിനും നിര്‍മാണത്തിനുമെതിരേ കോടതിയില്‍ കേസ് നിലവിലുണ്ടായിട്ടും പ്രതിച്ഛായ പ്രവാചകനായി ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ നരേന്ദ്ര മോദി ഭൂമിപൂജ നടത്തിയത് പട്ടിണിപ്പാവങ്ങളെ പരിഹസിക്കലായി. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും വലിയ തോതിലായി. രാജ്യം സാമ്പത്തികമായി വലിയ തകര്‍ച്ചയെ നേരിടുന്നു. ഇടനിലക്കാര്‍ വഴി കോര്‍പറേറ്റുകള്‍ക്ക് അമിതലാഭം ഉണ്ടാക്കാനുള്ള നിയമനിര്‍മാണം നടത്തുക വഴി ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയും കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുത്തു.
ആര്‍.എസ്.എസ് നേതാക്കളും മാധ്യമങ്ങളും മത്സരിച്ച് പാരതന്ത്ര്യം തിരിച്ചുകൊണ്ടുവരികയാണ്. ജീവനും രക്തവും ബലിനല്‍കി നേടിയ സ്വാതന്ത്ര്യം ഫാസിസ്റ്റുകള്‍ അപായപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നത് വര്‍ധിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും മണ്ഡലം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തി ചെലവ് ചുരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര കേന്ദ്രീകരണവും ഏകാധിപത്യവും സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ് അജന്‍ഡയുടെ ഭാഗമാണ്. ജനാധിപത്യ വിശ്വാസികള്‍ കണ്ണിലെണ്ണയൊഴിച്ചു കാവലിരുന്നാല്‍ മാത്രമേ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യമെങ്കിലും നിലനിര്‍ത്താന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."