കാത്തിരിപ്പിന് വിരാമമാകുന്നു; പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്നുമുതല്‍
തൊടുപുഴ: പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്നുമുതല്‍ വിതരണം ചെയ്യും. ഇതോടെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകും. ജില്ലയില്‍ ആദ്യഘട്ടമായി തൊടുപുഴ, പീരുമേട് താലൂക്കുകളിലാണു റേഷന്‍ കാര്‍ഡ് എത്തുന്നത്. 25 ദിവസത്തിനകം ജില്ലയില്‍ മുഴുവന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
റേഷന്‍ കടകളിലും പ്രത്യേകം തയാറാക്കുന്ന കാംപുകളിലുമായാണു റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്നത്.
അച്ചടി ഉള്‍പ്പെടെ പൂര്‍ത്തിയായെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അടുത്ത മാസം കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട റേഷന്‍ കാര്‍ഡ് നടപടികളില്‍നിന്ന് രക്ഷപ്പെട്ടേക്കുമെന്ന ആശ്വാസത്തിലാണ് സിവില്‍ സപ്ലൈസ് അധികൃതര്‍. റേഷന്‍ കാര്‍ഡ് അപേക്ഷാഫോമുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ കാരണം പലതവണ ഗുണഭോക്താക്കള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടിവന്നിരുന്നു. ഇതു പുതിയ കാര്‍ഡ് അച്ചടിക്കുന്നതിന് ഏറെ കാലതാമസമുണ്ടാക്കി.
കാര്‍ഡ് പുതുക്കലിന്റെ ഭാഗമായുള്ള മുന്‍ഗണന, മുന്‍ഗണനേതര പട്ടിക പുറത്തിറക്കിയതും ഏറെ വൈകിയാണ്. തുടര്‍ന്ന് രണ്ടു മാസം മുന്‍പു റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനപ്പട്ടികയെപ്പറ്റിയുള്ള പരാതികള്‍ സ്വീകരിച്ചു.
അതിനുശേഷം പ്രസിദ്ധീകരിച്ച പട്ടികയിലും അര്‍ഹതയുള്ളവരില്‍ ഭൂരിഭാഗവും പുറത്തായിരുന്നു. തെറ്റുകളും പരാതികളും കാര്‍ഡ് ലഭിച്ചതിനുശേഷം വീണ്ടും പരിഗണിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കാര്‍ഡുകളുടെ നിറങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള നീല, പിങ്ക് നിറങ്ങള്‍ കൂടാതെ വെള്ള, മഞ്ഞ നിറങ്ങളില്‍ കൂടി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഇറങ്ങും. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണു പിങ്ക് റേഷന്‍ കാര്‍ഡ്. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന പൊതുവിഭാഗത്തില്‍പെട്ടവര്‍ക്കു നീല, എഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മഞ്ഞ. മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുകളും ലഭിക്കും.
പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളില്‍ നിത്യരോഗികളും അവശരും ഉണ്ടെങ്കില്‍ അവര്‍ക്കു ചികിത്സാസൗകര്യം ലഭിക്കുന്നതിനു പ്രത്യേകം സീല്‍ പതിച്ച കാര്‍ഡുകളും നല്‍കും.
പുതിയ റേഷന്‍ കാര്‍ഡുകളുടെ പ്രിന്റിങ് പൂര്‍ത്തിയായെങ്കിലും റേഷന്‍ കാര്‍ഡിന്റെ ലാമിനേഷന്‍ പൂര്‍ത്തിയാകാത്തതാണു കാര്‍ഡ് വിതരണത്തിനു തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്.
നിരോധിച്ച പ്ലാസ്റ്റിക് ലാമിനേഷന് ഉപയോഗിച്ചെന്ന പരാതിയെത്തുടര്‍ന്നു കുറച്ചുദിവസം ഈ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരുന്നു. പുതിയ കാര്‍ഡുകള്‍ വിതരണത്തിനെത്തിയാലും ഇതിലും അപാകതകളുണ്ടാകുമെന്നു സൂചനയുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."